ചന്ദ്രയാൻ-3 വിജയകരമായി മുന്നേറുമ്പോൾ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. ഇതിന്റെ പരീക്ഷണഘട്ടങ്ങൾ ഒക്ടോബറോട് കൂടി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാകും റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ രൂപത്തിൽ സജ്ജമാക്കിയിരിക്കുന്ന ഈ റോബോട്ടിന്റെ പേര് വ്യോമമിത്ര എന്നാണ്. ഒക്ടോബർ മാസത്തിലാകും വ്യോമമിത്ര ബഹിരാകാശത്തേക്ക് ട്രയൽറൺ നടത്തുക. 2020 ജനുവരിയിൽ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റും പര്യവേക്ഷണവും ‘ ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ സാദ്ധ്യതകളും പ്രവണതകളും എന്ന പേരിലുള്ള ചടങ്ങിന്റെ ഉദ്ഘാടന വേളയിലാണ് വ്യോമമിത്ര എന്ന വനിതാ റോബോട്ട് അനാച്ഛാദനം ചെയ്യപ്പെടുന്നത്. വ്യോമ, മിത്ര എന്നീ രണ്ട് സംസ്‌കൃത പദങ്ങളുടെ സംയോജനമാണ് വ്യോമമിത്ര. ഗഗൻയാനിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതണ് ഈ റോബോട്ടിനെ. ഇതിന് കാലുകൾ ഇല്ലാത്തതിനാൽ തന്നെ ഹാഫ് ഹ്യമനോയിഡ് റോബോട്ട് എന്നാണ് വിളിക്കുന്നത്. ഇതിന് വശങ്ങളിലേക്കും മുന്നോട്ടും വളയാനും ചലിക്കാനും സാധിക്കും.
റോബോട്ടിന്റെ രൂപകൽപന, വികസനം, സംയോജനം എന്നീ ഘട്ടങ്ങളെല്ലാം ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ (IISU) മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്. റോബോട്ടിന്റെ വിരലുകൾ നിർമിച്ചത് തുമ്പയിൽ സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) വെച്ചാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച വ്യോമമിത്രയെ റോക്കറ്റിൽ വഹിച്ചാകും പറത്തുക. പറക്കുമ്പോൾ സമ്മർദ്ദവും വൈബ്രേഷനും അതിജീവിക്കാനും ഈ റോബോട്ടിനാകും. സംസാരിക്കാനും കാണാനും മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവും ഈ റോബോട്ടിനുണ്ട്.
വ്യോമമിത്രയുടെ രൂപസാദൃശ്യത്തിൽ ഒരു ഡിജിറ്റൽ രൂപവും സൃഷ്ടിക്കും. ഇത് അറിയപ്പെടുന്നത് വ്യോമമിത്രയുടെ ഡിജിറ്റൽ ട്വിൻ എന്നാണ്. ഐഐടികൾ പോലെയുള്ള അക്കാദമിക് സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയാണ് ഇതിനെ വികസിപ്പിച്ചിട്ടുള്ളത്. ഗഗൻയാൻ ദൗത്യത്തിന് പുറമേ മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന മറ്റ് ദൗത്യങ്ങളിലും ബഹിരാകാശ യാത്രികർക്കൊപ്പം സഞ്ചരിക്കും. ബഹിരാകാശ യാത്രികരുടെ സാഹചര്യങ്ങളും പെരുമാറ്റവും വിശകലനം ചെയ്യുകയെന്നതാണ് വ്യോമമിത്രയുടെ പ്രധാന ലക്ഷ്യം. ബഹിരാകാശ സഞ്ചാരികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുകരിക്കുകയും രണ്ട് ഭാഷകളിൽ സംസാരിക്കാനും സാധിക്കും.
















Comments