മുംബൈ: ഒരേ സമയം ഡെങ്കിപ്പനി, മലേറിയ,എലിപ്പനി എന്നിവ ബാധിച്ച് മുംബൈ സ്വദേശിയായ 14 കാരൻ മരണപ്പെട്ടു. ഈ മാസം ആദ്യം ആയിരുന്നു ആൺകുട്ടിയ്‌ക്ക് പനി ബാധിച്ചത്. എന്നാൽ ഡോക്ടറെ സമീപിച്ചിരുന്നില്ല. രോഗം മൂർച്ഛിച്ചതോടെയാണ് ഓഗസ്റ്റ് 14-ന് സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനിയും മലേറിയയും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ രൂക്ഷമായതോടെ കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
അണുബാധ ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. അണുബാധ നിയന്ത്രിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും, ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുട്ടി മരണപ്പെട്ടു. ഇത്തരം സംഭവം അത്യപൂർവ്വമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. നേരത്തെ വൈദ്യസഹായം തേടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.
Comments