തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കൃഷ്ണ കുമാറിന്റെ വാഹനത്തിൽ ഇടിപ്പിച്ചതിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാഹനം ഇടിപ്പിച്ച് തെറിപ്പിച്ചതിന് ശേഷം വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ കൃഷ്ണകുമാറിനെതിരെ അസഭ്യവും പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
‘ബിജെപി നേതാവ് നടൻ കൃഷ്ണ കുമാറിനെതിരെ പന്തളത്ത് വച്ച് നടന്ന പോലീസ് അതിക്രമം പ്രതിഷേധാർഹമാണ്. കൃഷ്ണകുമാറിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ചത് മുഖ്യമന്ത്രിയുടെ അകമ്പടിക്കുണ്ടായിരുന്ന പോലീസ് ബസാണെന്നത് ഗൗരവതരം. അതിക്രമത്തിന് ശേഷം വാഹനത്തിലുള്ളവർ കൃഷ്ണകുമാറിനെതിരെ ഭീഷണി മുഴക്കിയത് ധിക്കാരപരമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറാവണം’- കെ.സുരേന്ദ്രൻ പറഞ്ഞു.
സംഭവത്തിൽ പന്തളം പോലീസിൽ കൃഷ്ണ കുമാർ പരാതി നൽകിയിട്ടുണ്ട്. ‘പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുകയായിരുന്നു. പന്തളം എത്താൻ 20 മിനിറ്റ് മുമ്പാണ് സംഭവം. പിന്നാലെ വന്ന പോലീസ് ബസ് ഹോൺ മുഴക്കി. പക്ഷെ, കാർ ഒതുക്കാൻ സ്ഥലമുണ്ടായിരുന്നില്ല. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം കാർ ഒതുക്കാമെന്ന് കരുതിയപ്പോഴാണ് പോലീസ് ബസ് കാറിൽ കൊണ്ട് ഇടിപ്പിച്ചത്. കാർ ഇടിപ്പിച്ച ശേഷം ബസിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞു. എന്റെ അച്ഛനും ഒരു പോലീസ് ആയിരുന്നു. യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടാണ് തിരിച്ച് മറുപടി നൽകാതിരുന്നത് എന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.
















Comments