ഇത്തവണ സന്തോഷം വിട്ടൊരു കളിയില്ല…! കേരള പരിശീലകനായി സതീവൻ ബാലൻ എത്തുന്നത് കച്ചമുറുക്കി

Published by
Janam Web Desk

2018ൽ കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ തന്ത്രങ്ങൾ മെനഞ്ഞ അതേ ആശാൻ വീണ്ടും പരീശീലകനായി എത്തുന്നു. കേരള ഫുട്‌ബോൾ അസോസിയേഷൻ സതീവൻ ബാലനെ മുഖ്യ പരിശീലകനായി നിയമിച്ചു. ഹർഷൽ റഹ്‌മാനും പികെ അസീസുമാണ് സഹ പരിശീലകർ.

ക്യൂബയിലെ കായിക പഠനത്തിന് ശേഷം 1995ലാണ് സതീവൻ പരിശീലകനായി കളത്തിലിറങ്ങുന്നത്. കൊൽക്കത്തയിലെ സായ് കേന്ദ്രത്തിലായിരുന്നു തുടക്കം. പിന്നീട് കേരളത്തിലെത്തിയ ഇദ്ദേഹം 1999ൽ സ്‌പോർട്‌സ് കൗൺസിലിൽ കരാറടിസ്ഥാനത്തിൽ ഫുട്ബാൾ പരിശീലകനായി. പിന്നീട് 2001ൽ സ്‌പോർട്‌സ് കൗൺസിലിൽ സ്ഥിരനിയമനമായി. 2003ൽ മുൻ ഇന്ത്യൻ ഫുട്ബാൾ പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റൻറയിനിന്റെ വിശ്വസ്തനായി. പിന്നീടുള്ള കാലങ്ങളിൽ ഇന്ത്യ അണ്ടർ 19 ടീമിന്റെ പരിശീലകൻ, സെലക്ടർ, നിരീക്ഷകൻ തുടങ്ങി വിവിധ വേഷങ്ങളിൽ ഫുട്ബാൾ ലോകത്ത് നിറഞ്ഞാടി. സതീവന്റെ നേതൃത്വത്തിൽ അണ്ടർ 19 ടീം വെയിൽസിൽ നടന്ന ഇയാൻ കപ്പ് ചാമ്പ്യന്മാരാകുകയും പാകിസ്താനിൽ നടന്ന സാഫ് കപ്പിൽ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല ടീമിനെ മൂന്നുവട്ടം അന്തർ സർവകലാശാല ചാമ്പ്യന്മാരാക്കിയ സതീവൻ തൊട്ടതെല്ലാമ പൊന്നാക്കിയ പരിശീലകനാണ്.

2018ൽ സന്തോഷ് ട്രോഫി ടീമിന്റെ ആശാനും സതീവനായിരുന്നു. ആശാന്റെ തന്ത്രങ്ങൾ കളത്തിൽ 11 പേർ നടപ്പാക്കിയപ്പോൾ 13 വർഷത്തിനുശേഷം കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. പിന്നീട് കുറച്ചുകാലം ഗോകുലം കേരളയുടെ സഹപരിശീലകനായിരുന്നു സതീവൻ ബാലൻ.

ഒക്ടോബറിലാണ് സന്തോഷ് ട്രോഫി പ്രാഥമിക മത്സരങ്ങൾക്ക് തുടക്കമാകുക. ഗോവ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് ടീമുകളാണു പ്രാഥമിക ഘട്ടത്തിൽ കേരളത്തിന്റെ എതിരാളികൾ. മികച്ച പ്രകടനം നടത്തിയാൽ അതേ ടീം തന്നെയാകും ദേശീയ ഗെയിംസിലും കേരളത്തിനായി കളത്തിലിറങ്ങുക.

5 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണു കെഎഫ്എ സതീവനെ നിയമിച്ചത്. ബിനോ ജോർജ്, കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകൻ ടി.ജി.പുരുഷോത്തമൻ, കർണാടക മുൻ കോച്ച് ബിബി തോമസ്, ഹൈദരാബാദ് എഫ്‌സി സഹപരിശീലകൻ ഷമീൽ ചെമ്പകത്ത് എന്നിവരാണു പട്ടികയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

 

Share
Leave a Comment