തിരുവനന്തപുരം; മിനി സ്‌ക്രീന്‍ താരത്തിന്റെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമമെന്ന് കുടുംബത്തിന്റെ മൊഴി. നടി അപര്‍ണ പി.നായര്‍ (33) ആണ് വ്യാഴാഴ്ച വൈകിട്ട് 6നും 7.30നും ഇടയ്‌ക്ക് കരമന തളിയില്‍ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.
അമ്മയെ വിഡിയോ കോള്‍ ചെയ്ത അപര്‍ണ, വീട്ടിലെ ചില പ്രശ്‌നങ്ങള്‍ പറഞ്ഞ് സങ്കടപ്പെട്ടു കരഞ്ഞു. താന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തതിന് ശേഷമാണ് ജീവനൊടുക്കിയത്. നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപര്‍ണ സോഷ്യല്‍ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്‌ക്കാറുണ്ടായിരുന്ന അപര്‍ണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്‌ക്കുന്ന ഒരു വീഡിയോ ആയിരുന്നു. ഭര്‍ത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപര്‍ണയുടെ താമസം.
ഒരു മാസം മുമ്പ് സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി മതിയാക്കിയിരുന്നു. അപര്‍ണയുടെയും സഞ്ജിത്തിന്റെയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണയ്‌ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസുള്ള മകളുണ്ട്.
അപര്‍ണ തൂങ്ങി നില്‍ക്കുന്നതായി അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഐശ്വര്യ വീട്ടിലെത്തിയപ്പോള്‍ അപര്‍ണ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപര്‍ണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപര്‍ണയുടെ അവസാന സന്ദേശം അമ്മയ്‌ക്കായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപര്‍ണ അമ്മയെ വിളിക്കുന്നത്. രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്.
വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. അപര്‍ണയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു.
Comments