പല്ലേക്കലെ: ഏഷ്യാ കപ്പിൽ പാകിസ്താന് 267 റൺസ് വിജയലക്ഷ്യം. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയയുമാണ് അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 48.5 ഓവറിൽ 266 റൺസ് എടുത്താണ് ഇന്ത്യ ക്രീസ് വിട്ടത്. ഇഷാൻ കിഷൻ 81 പന്തിൽ 82 റൺസും ഹാർദിക് പാണ്ഡ്യ 90 പന്തിൽ 87 റൺസും നേടി. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി നാല് വിക്കറ്റും നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്‌ത്തി.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ പാളിയിരുന്നു. ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 11 റൺസിന് പുറത്തായി. പിന്നാലെ, ശുഭ്മാൻ ഗില്ല് 10 റൺസും വിരാട് കോഹ്ലി 4 റൺസ് എടുത്തും ക്രീസ് വിട്ടു. 14 റൺസ് എടുത്ത് ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യൻ ആരാധകർ നിശരായി. ശുഭ്മാന്‍ ഗില്ലിനെയും ശ്രേയസ് അയ്യരെയും വീഴ്‌ത്തിയത് പാക് പേസര്‍ ഹാരിസ് റൗഫാണ്. എന്നാൽ, ഇഷാൻ-പാണ്ഡ്യ കൂട്ടുക്കെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.
81 പന്തില്‍ 82 റണ്‍സുമായി സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കിഷനെ വീഴ്‌ത്തിയതും റൗഫ് തന്നെ. കിഷനെ പുറത്താക്കിയ ശേഷം ഹാരിസ് റൗഫ് നടത്തിയ പ്രകടനം വലിയ വിമർശനങ്ങൾക്കും വഴി വെച്ചു. വിക്കറ്റ് വീഴ്‌ത്തിയ ശേഷം കിഷനു നേരെ കയറിപ്പോ എന്ന് ആക്രോശിച്ചാണ് റൗഫിന്റെ ആഘോഷം. ഇതിന് മറുപടി അധികം വൈകാതെ ഉണ്ടാകുമെന്ന് ഇന്ത്യൻ ആരാധകരും പ്രതികരിച്ചു.
Comments