കൊല്ലം: സ്ത്രീപക്ഷ വിപ്ലവങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് ഭാരതം മുന്നോട്ടു പോകുന്നതെന്ന് രാഷ്ട്ര സേവിക സമിതി അംഗം പ്രൊഫ. ഡോ.അർച്ചന.ആർ. ബഹിരാകാശ പരീക്ഷണങ്ങൾ മുതൽ സ്ത്രീയുടെ പ്രാഥമിക ആവശ്യങ്ങൾക്ക് വരെയുള്ള യാത്രയിൽ ഏറ്റവും വിപ്ലവകരമായ നേട്ടങ്ങൾ കൈവരിച്ച കാലത്തിലൂടെയാണ് ഭാരതം കടന്നു പോകുന്നത്. ഇരുട്ടിനെ മാത്രം ആശ്രയിച്ച് പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചിരുന്ന സ്ത്രീ സമൂഹങ്ങൾക്ക് ഏറ്റവും സഹായകമായത് ശൗചാലയ വിപ്ലവമാണെന്നും ഡോ.അർച്ചന പറഞ്ഞു. ദേശീയ അദ്ധ്യാപക പരിഷത്ത് കൊല്ലം ജില്ല വനിതാ സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇവർ.
സ്ത്രീ സുരക്ഷയുടെ ഒരു മാതൃകാ പാഠമാണ് ഭാരതം. ഭാരതീയ സംസ്കാരം എന്നും സ്ത്രീകൾക്ക് അങ്ങേയറ്റം ആദരവ് കൽപ്പിച്ചിട്ടുണ്ട്. ബൗദ്ധിക നിലവാരവും പ്രയോഗിക പരിജ്ഞാനവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുത്തു കൊണ്ട് വിവിധ മേഖലകളിൽ സ്ത്രീകൾ കഴിവു തെളിയിച്ചു കൊണ്ടിരിക്കുന്നു. വികസിത ഭാരതം യാഥാർത്ഥ്യമാകുമ്പോഴേയ്ക്കും മൂല്യമൊത്ത ഒരു തലമുറയെ വാർത്തെടുക്കാൻ അദ്ധ്യാപക പരിഷത്തിലെ ഓരോ അംഗങ്ങൾക്കും കഴിയണം എന്നും ഡോ.അർച്ചന പറഞ്ഞു.”സ്ട്രെസ് മാനേജ്മെന്റ് ആൻഡ് ലൈഫ് സ്കിൽസ് ” എന്ന വിഷയത്തിൽ സ്റ്റേറ്റ് ട്രെയിനറും ഹയർസെക്കൻഡറി സൗഹൃദ കോഡിനേറ്ററുമായ പി ഷീബ ക്ലാസും എടുത്തു.
ജില്ലാ വനിതാ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പാറങ്കോട് ബിജു, സംസ്ഥാന സെക്രട്ടറി ടി.ജെ ഹരികുമാർ, ജില്ല ജനറൽ സെക്രട്ടറി എസ്.കെ ദിലീപ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. കവിത, വനിതാ ജോയിൻ കൺവീനർ ദിവ്യ എസ്, അഖില എൻ എ, ധന്യ റ്റി.ആർ, ചിഞ്ചു അനിൽ, അനിലകുമാരി, പാർവ്വതി, ആര്യ ശങ്കർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Comments