ഗുഹാവത്തി: ബാല വിവാഹത്തിനെതിരെ 200 കോടിയുടെ പദ്ധതികളുമായി അസം സർക്കാർ. ശൈശവ വിവാഹത്തിനെതിരായ വിപുലമായ ബോധവത്കരണത്തിനും ഇരകളുടെ പുനരധിവാസത്തിനും നിയമസഹായത്തിനുമായാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ശൈശവവിവാഹത്തിനെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. അടുത്ത ഘട്ടത്തിൽ വൻ അറസ്റ്റുകൾ ഉണ്ടാകും. പോലീസ് അവരുടെ കർത്തവ്യം കൃത്യമായി നിർവഹിക്കുന്നുണ്ട്. ഓരോ കേസും ഒരോ പ്രത്യേക അഭിഭാഷകനാണ് കൈകാര്യം ചെയ്യുന്നത്. ഇതിനുള്ള ഫണ്ട് സർക്കാർ ഉറപ്പാക്കുന്നുണ്ട്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. സ്കോളർഷിപ്പുകൾ, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ഭക്ഷ്യധാന്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇരകളുടെ ശരിയായ പുനരധിവാസത്തിന് സർക്കാർ പ്രഥമ പരിഗമണനയാണ് നൽകുന്നത്.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 2019ൽ 156, 2020ൽ 216, 2021ൽ 166, 2021ൽ 257 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 3,097 പേരെ തുറങ്കലിലടക്കാൻ സർക്കാറിന് സാധിച്ചതായും നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Comments