ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്‌ച്ചക്കൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടിക്കാഴ്ച നാളെ ഡൽഹിയിൽ നടക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം നടക്കുന്ന അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്‍ഘാടത്തിന് ക്ഷണിക്കുന്നതിനായാണ് മോദിയെ യോഗി സന്ദർശിക്കുന്നത്. യോഗത്തിൽ യുപി ഊർജ മന്ത്രി എകെ ശർമയും കൂടെയുണ്ടാകും.
അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. നാളെ വൈകിട്ട് ആറോടെ മുഖ്യമന്ത്രി യോഗി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കാണുമെന്നാണ് വിവരം. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അടുത്ത വർഷം ജനുവരിയിൽ രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങും നടത്തും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ഉണ്ടാകുമെന്ന് ട്രസ്റ്റ് അംഗങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. രാമക്ഷേത്ര നിർമ്മാണം നടക്കുന്ന അയോദ്ധ്യയിൽ എല്ലാ മാസവും യോഗി സന്ദർശനം നടത്താറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും രാമജന്മഭൂമി സമുച്ചയം സന്ദർശിച്ച അദ്ദേഹം ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളും നിരീക്ഷിച്ചിരുന്നു.
അയോദ്ധ്യാ രാമജന്മഭൂമിയിലെ പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത് ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്. ലോകമെമ്പാടുമുള്ള രാമഭക്തർ കാത്തിരിക്കുന്ന മുഹൂർത്തത്തിൽ അഞ്ച് ലക്ഷത്തിലേറെ പേരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതനേതാക്കളെ കൂടാതെ 160 രാജ്യങ്ങളിലെ പ്രത്യേക അതിഥികൾക്കും ക്ഷണക്കത്തുക്കൾ അയക്കും. ഡൽഹി സ്റ്റഡി ഗ്രൂപ്പ് പ്രസിഡന്റും മുൻ എം എൽ എ യുമായ വിജയ് ജോളിയേയും പദ്ധതിയുടെ നടത്തിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .പരിപാടിയുടെ നടത്തിപ്പ് വലിയ വെല്ലുവിളിയാണെന്നും , പങ്കാളികളായി വിഎച്ച്പി നേതാക്കൾ അടക്കമുള്ളവർ രംഗത്തുണ്ടെന്നും പ്രാൺ പ്രതിഷ്ഠാ മഹോത്സവ് മാനേജ്മെന്റ് സ്കീമിലെ അംഗങ്ങൾ പറഞ്ഞു. ഇതിനായി പലയിടങ്ങളിലായി പ്രവിശ്യാതല യോഗങ്ങൾ ചേരുന്നുണ്ട് .ഏപ്രിൽ മുതൽ അവലോകന യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട് . ഓരോ 15 ദിവസം കൂടുമ്പോഴും യോഗങ്ങളിൽ പുതിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് . അടുത്ത യോഗം സെപ്റ്റംബർ എട്ടിനാകും നടക്കുക . ഭയ്യാജി ജോഷി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
Comments