പട്ന : ഹിന്ദു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്ത ഡി എം കെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ ബിഹാറിലെ മുസാഫർപൂർ കോടതിയിൽ പരാതി. മുസാഫർപൂരിലെ അഭിഭാഷകനായ സുനിൽ കുമാർ ഓജയാണ് ഉദയനിധിക്കെതിരെ മുസാഫർപൂർ സിവിൽ കോടതിയിൽ പരാതി നൽകിയത്.
ഉദയനിധി നടത്തിയ ഉന്മൂലന ആഹ്വാനം രാജ്യത്തുടനീളമുള്ള ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.
‘ഉദയനിധിയുടെ ഈ പ്രസ്താവന ഹിന്ദുമതത്തിലും സനാതന ധർമ്മത്തിലും വിശ്വസിക്കുന്ന രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ആളുകളുടെ മതവികാരം വ്രണപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് പ്രതി ഇത്തരമൊരു മൊഴി നൽകിയത്. ഇത്തരം സാഹചര്യത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കോടതി പരാതി സ്വീകരിച്ചു. സെപ്തംബർ 14ന് കോടതി വിഷയം പരിഗണിക്കും.”- സുനിൽ കുമാർ ഓജ പറഞ്ഞു.
ഉദയനിധിക്കെതിരെയുള്ള രണ്ടാമത്തെ പരാതിയാണിത്. കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിന് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ നേരത്തെ ഡൽഹി പോലീസിൽ പരാതി നൽകിയിരുന്നു.
Comments