രഹസ്യ സമ്പന്നമാണ് സൗരയൂഥം. പ്ലൂട്ടോയുടെ ഗ്രഹപദവി ഇല്ലാതായതോടെ എട്ട് ഗ്രഹങ്ങളാണ് സൗരയൂഥത്തിലുള്ളത്. എന്നാൽ എട്ടല്ല, ഒൻപതാം ഗ്രഹം മറഞ്ഞിരിപ്പുണ്ടെന്ന കണ്ടെത്തലിലാണ് ജപ്പനീസ് ഗവേഷകർ. സൗരയൂഥത്തിന്റെ നോട്ടമെത്താത്ത കോണിൽ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന് കാലങ്ങളായി ജ്യോതിശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്. ഈ സംശയം വർദ്ധിപ്പിക്കും വിധത്തിലുള്ള കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സൗരയൂഥത്തിലെ എട്ടാം ഗ്രഹമായ നെപ്ട്യൂണിന്റെ ഭ്രമണപഥത്തിന് തെട്ടപ്പുറത്തായി സ്ഥിതി ചെയ്യുന്ന വിവിധങ്ങളായ വസ്തുക്കൾ ചേർന്നുണ്ടായ മേഖലയാണ് കിയ്പ്പർ ബെൽറ്റ്. തണുത്ത പ്രദേശമാണ് ഇവിടം. ഈ വിശാലതയിൽ ഏതാണ്ട് ഭൂമിയുടെ വലുപ്പമുള്ള ഒരു ഗ്രഹം മറഞ്ഞിരിക്കുന്നതയാണ് ‘ ദ അസ്‌ട്രോണമിക്കൽ ജേണലിൽ’ വന്ന പഠനം പറയുന്നത്. ജാപ്പനീസ് ഗവേഷകരായ പാട്രിക് സോഫിയ ലികാവ്ക, താകാഷി എന്നിവരുടേതാണ് പഠനം. കിൻഡായ് സർവകലാശാല, നാഷണൽ അസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി ഓഫ് ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പഠനത്തിന് പിന്നിൽ.
ഗ്രഹങ്ങളെ പോലെ തന്നെ കിയ്പ്പർ ബെൽറ്റിലെ വസ്തുക്കളും സൂര്യന് ചുറ്റും വലംവെക്കുന്നുണ്ട്. ഛിന്ന ഗ്രഹങ്ങൾ, ബഹിരാകാശ ശിലകൾ, ധൂമകേതുക്കൾ, ഹിമക്കട്ടകൾ എന്നിവയെല്ലാം നിറഞ്ഞ മേഖലയാണിത്. ഗവേഷകരുടെ പഠനത്തിൽ കിയ്പ്പർ ബെൽറ്റിലെ വസ്തുക്കൾ അവയ്‌ക്കുള്ളിൽ ഒരു ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന സൂചന നൽകുന്ന തരത്തിലാണ് ചലിക്കുന്നത്. ട്രാൻസ്- നെപ്ട്യൂണിയൻ വസ്തുക്കളെ പഠിക്കുന്നതിനിടെയാണ് ചില വസ്തുക്കളുടെ ഭ്രമണപഥങ്ങൾ വിചിത്പ സ്വഭാവം പ്രകടിപ്പിക്കുന്ന കാര്യം ഗവേഷകർ നിരീക്ഷിച്ചത്. വ്യത്യസ്മായ വലിയൊരു വസ്തുവിന്റെ ഗുരുത്വാകർഷണം പ്രദേശത്തെ സ്വാധീനിക്കുന്നുവെന്ന സൂചനയാണ് ഇത്. ഇക്കാര്യം പരിശോധിക്കാനായി കംപ്യൂട്ടർ മാതൃകപഠനവും ശാസ്ത്രജ്ഞർ നടത്തി. ഇതിലും ഗ്രഹം മറഞ്ഞിരിക്കുന്നുവെന്ന സാധ്യതയാണ് നൽകിയത്.
Comments