രാജമൗലി ചിത്രമായ ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്. ബാഹുബലിയ്‌ക്ക് മുമ്പും അനേകം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ വേഷത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ബാഹുബലിയെ കുറിച്ചും സംവിധായകൻ രാജമൗലിയെ കുറിച്ചും സത്യരാജ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ ‘വെപ്പൺ’ എന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് വേളയിലാണ് സത്യരാജ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
‘കട്ടപ്പ എന്ന കഥാപാത്രം നൽകിയതിന് രാജമൗലിയോട് എന്നും എനിക്ക് നന്ദിയുണ്ട്. എന്റെ ജീവിതത്തിൽ രാജമൗലി തന്ന സമ്മാനമാണ് കട്ടപ്പ. ബാഹുബലിയ്‌ക്ക് ശേഷം പ്രിയ ആരാധകർ എന്നെ കട്ടപ്പ സത്യരാജ് എന്നാണ് വിളിക്കുന്നത്. അത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. ഒരു നടനെ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് ഒരു സമ്മാനമാണ്. ‘വെപ്പൺ’എന്ന ചിത്രത്തിന് ശേഷം നിങ്ങൾ എന്നെ വെപ്പൺ സത്യരാജ് എന്ന് വിളിക്കും. ഞാൻ അത് ഒരുപാട് ആസ്വദിക്കും. അതിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് നിങ്ങൾ എനിക്ക് നൽകുന്ന അംഗീകാരമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ വിജയമാണ്’.
‘ബാഹുബലിയ്‌ക്ക് ശേഷം വിവിധയിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ എല്ലാവരും എന്നെ കട്ടപ്പ എന്നാണ് വിളിയ്‌ക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവുമാണുള്ളത്. എസ്എസ് രാജമൗലി എന്ന മഹാനായ സംവിധായകൻ കാരണമാണ് ഈ ജനപ്രീതി എനിക്ക് ലഭിച്ചത്’ സത്യരാജ് പറഞ്ഞു.
സത്യരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘വെപ്പൺ’. ഗുഹൻ സെന്നിയപ്പനായാണ് ചിത്രത്തിൽ സത്യരാജ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ മുംബൈയിൽ ലോഞ്ച് ചെയ്തിരുന്നു. വസന്ത് രവി, രാജീവ് മേനോൻ, തന്യ ഹോപ്പ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ആക്ഷൻ ത്രില്ലർ കഥാപാത്രമായാണ് ചിത്രത്തിൽ സത്യരാജിന്റെ വരവ്.
Comments