തൃശൂർ: ഗുരുവായൂർ മേൽപാലത്തിന്റെ പണി വൈകിയത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് സുരേഷ് ഗോപി. റെയിൽവേ ട്രാക്കിന് മുകളിലെ ഗാർഡറിന്റെ വർക്കുകൾ മാത്രമാണ് റെയിൽവേയുടെ ഉത്തരവാദിത്വം. അത് കൃത്യമായി അറിയിച്ചിരുന്നെങ്കിൽ കാലതാമസം വരികയില്ലായിരുന്നു. ഗാർഡറിന്റെ വർക്കുകൾ റെയിൽവേ പൂർത്തീകരിക്കുന്നത് റെക്കോർഡ് വേഗതയിലാണ്. അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതാണ് റെയിൽവേയുടെ പണി വൈകാൻ കാരണം. അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിക്കുന്ന മുറയ്‌ക്ക് മാത്രമാണ് റെയിൽവേയ്‌ക്ക് അവരുടെ വർക്ക് ചെയ്യാൻ സാധിക്കുക.
അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേൽപ്പാലത്തെപ്പറ്റി സമരസമിതിക്കാർ അറിയിച്ചപ്പോൾ തന്നെ റെയിൽവേയുമായി ബന്ധപ്പെട്ട് വർക്ക് വേഗത്തിലാക്കിയതാണ്. ഇപ്പോൾ റെയിൽവേയുടെ ജോലികൾ കഴിഞ്ഞാലും സംസ്ഥാന സർക്കാർ ചെയ്യേണ്ട മേൽപ്പാലത്തിന്റെ ജോലികൾ പൂർത്തിയാവാത്ത അവസ്ഥയിലാണ്. ആവശ്യപ്പെട്ടതിന് ഒരാഴ്ചയ്‌ക്കുള്ളിൽ ഗാർഡർ ഇവിടെ എത്തിയിട്ടുണ്ട്. സംശയമുള്ളവർ ഡിആർഎമ്മിനോട് ചോദിക്കൂ. നിങ്ങൾ ഇവിടെ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതിൽ ഒരു ശതമാനം പോലുമില്ല. ഇത് വിളിച്ച് പറഞ്ഞ് നടക്കേണ്ടതല്ല. പക്ഷെ, പറയാതെ വയ്യ.
ഇവിടുത്തെ ജനപ്രതിനിധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. ആദ്യം ഏറ്റെടുത്ത ജോലികൾ തീർക്കണം. എന്നിട്ട് വീരവാദം മുഴക്കിയാൽ മതി. ഇത് താക്കീതോടെ തന്നെയാണ് പറയുന്നത്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് വരട്ടെ. ഗുരുവായൂരിന്റെ വികസനത്തിന് വേണ്ടി അമൃത് പ്രസാദ് പദ്ധതികൾ പ്രകാരം കോടികൾ നൽകിയ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തൽ മാത്രമാണ് ചിലരുടെ ജോലി. കുപ്രചരണങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിക്കാൻ എന്നെ നിർബന്ധിതനാക്കിയതാണ്- സുരേഷ്ഗോപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചിറമ്പത്ത്, മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ്, സോഷ്യൽ മീഡിയ കൺവീനർ സുമേഷ്കുമാർ എന്നിവരും സുരേഷ്ഗോപിയോടൊപ്പം മേൽപ്പാലം സന്ദർശിച്ചു.
















Comments