ന്യൂഡൽഹി: പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായ ലോകത്താണ് നാം ജീവിക്കുന്നതെന്നും ലോകത്തിലെ സാങ്കേതികവിദ്യയുടെ സ്വാധീനം അതിരുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘എല്ലാ രാജ്യങ്ങൾക്കും അവരുടേതായ താത്പ്പര്യങ്ങളുണ്ട്. പൊതുവായൊരു ലക്ഷ്യം കൈവരിക്കുന്നതിന് തുടർച്ചയായ പരിശ്രമം പ്രധാനമാണ്. ഓരോ രാജ്യവും ചില വിഷയങ്ങളിൽ മറ്റ് രാജ്യങ്ങളോട് യോജിക്കുകയും മറ്റുള്ളവയോട് വിയോജിക്കുകയും ചെയ്യുന്നു. ഈ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് അവരുടെ ദേശീയ താത്പ്പര്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടുള്ള വഴി തയ്യാറാക്കണം. വിദേശരാജ്യങ്ങളുമായി ഇന്ത്യയ്ക്ക് വളരെ ശക്തമായ ബന്ധമാണുള്ളത്’.
‘ലോകത്തിലെ ഏറ്റവും വലിയ യുവജനസഘ്യമാണ് ഇന്ത്യയുടേത്. അതുകൊണ്ടാണ് പുരോഗതിയുടെ യാത്രയിൽ നമ്മളോടൊപ്പം ലോകരാജ്യങ്ങൾ പങ്കാളികളാകാൻ ആഗ്രഹിക്കുന്നത്. വിദേശരാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കിനെയും രാജ്യം പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
Comments