കൊച്ചി: കെഎസ്ഇബിയുടെ അനാസ്ഥയിൽ വെന്തുവെണ്ണീറായത് രണ്ട് കടകൾ. എറണാകുളം കലൂരിൽ പുലർച്ചെ ഉണ്ടായ തീപിടത്തത്തിൽ കത്തി നശിച്ചത് ജ്യൂസ് കടയും അപ്‌ഹോൾസറി കടയുമാണ്. ലൈനിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടിക്കാൻ കാരണമായത്.
ഷോർട്ട് സർക്യൂട്ട് കണ്ടിട്ടും കെഎസ്ഇബി ജീവനക്കാർ ലൈൻ ഓഫാക്കാൻ തയ്യാറായാതെ പോയതാണ് തീപിടിത്തത്തിന് കാരണം. ലൈനിൽ തകരാറുണ്ടെന്ന് വിളിച്ചറിയിച്ചിട്ടും രാവിലെ നോക്കാമെന്ന വിശദീകരണം മാത്രമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കടയുടമകൾ ആരോപിക്കുന്നു.
കെഎസ്ഇബി രാത്രിയിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ തീപിടിത്തം ഉണ്ടാകുമായിരുന്നില്ലെന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎയും ആരോപിച്ചു. ജീവനക്കാരുടെ അനാസ്ഥയാണ് തീപിടിത്തത്തിൽ കലാശിച്ചത്. രണ്ട് കുടുംബങ്ങളുടെ ജീവിതമാർഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കടയുടമകൾക്ക് ബോർഡ് നഷ്ടപരിഹാരം നൽകണമെന്ന് എംഎൽഎ ടിജെ. വിനോദ് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments