മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കപ്പെടുന്ന സുദിനത്തിൽ വെറൈറ്റി സമ്മാനവുമായെത്തിരിക്കുകയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ സ്‌പെഷ്യൽ പോസ്റ്ററാണ് ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പങ്കുവെച്ചത്.
ഭ്രമയുഗത്തിൽ നായക വേഷത്തിൽ അല്ല മറിച്ച് വില്ലൻ കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ചിത്രം പറയുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവൻ നേരത്തെ അറിയിച്ചിരുന്നു. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര തുടങ്ങിവെച്ച പ്രൊഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ത്രില്ലർ വിഭാഗത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഭ്രമയുഗവും ത്രില്ലർ സിനിമയാകുമെന്ന് തീർച്ചയാണ്.
തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് രാഹുൽ സദാശിവനാണ്. നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രവനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടി ഡി രാമകൃഷ്ണൻ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.
Comments