എറണാകുളം: ആലുവയില്‍ ക്രൂരപീഡനത്തിനിരയായ കുട്ടിയുടെ ജീവന്‍ തിരിച്ചുനല്‍കിയത് നാട്ടുകാര്‍ നടത്തിയ സമാനതകളില്ലാത്ത തെരച്ചിലാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്നുതള്ളിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പേയാണ് സമാനമായൊരു സംഭവം. ചാത്തന്‍പുറത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് പീഡകന്‍ തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കുട്ടിയുമായി ഒരാള്‍ നടന്ന് നീങ്ങുന്നത് അയല്‍വാസിയായ സുകുമാരന്‍ കണ്ടത്.
കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും അന്വേഷിച്ചിറങ്ങാന്‍ തന്നെ സുകുമാരന്‍ തീരുമാനിച്ചു. തെല്ലും വൈകിക്കാതെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണര്‍ത്തി സംഘമായി തെരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നില്‍ താമസിക്കുന്ന അബൂബക്കര്‍ അടക്കമുള്ളവര്‍ മുക്കുമൂലയും അരിച്ചുപെറുക്കി. വീടുകളില്‍ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവര്‍ പ്രധാന റോഡില്‍ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്ത് നില്‍ക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി പേടിച്ച് നിലവിളിച്ചുകൊണ്ടു വരുന്നത് കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നാെഴുകുന്നുണ്ടായിരുന്നു.
കുട്ടി ഹിന്ദിയില്‍ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ ആണെന്ന് തിരിച്ചറിഞ്ഞത്.കുട്ടിയെ തിരിച്ചു വീട്ടിലെത്തിച്ചപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അമ്മയെ വിളിച്ചു തുറപ്പിച്ചു. കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിച്ചു. പിന്നാലെ നാട്ടുകാര്‍ പോലീസിനെ വിളിച്ച് കുട്ടിയെ ആശുപത്രിയിലാക്കി.അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. മൂന്നാം ക്ളാസില്‍ പഠിക്കുന്ന എട്ട് വയസുകാരിക്ക്
സ്വകാര്യ ഭാഗങ്ങളില്‍ അടക്കം പരിക്കുണ്ട്.
Comments