കൊളംബോ: ഏഷ്യ കപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ മത്സരത്തിന് വിലങ്ങ് തടിയായി മഴ. ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വില്ലനായി മഴ അവതരിച്ചത്. രോഹിത് ശർമ്മ- ശുഭ്മാൻ ഗിൽ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയക്ക് നൽകിയത്. ഇരുവരും 121 റൺസ് കൂട്ടിച്ചേർത്ത ശേഷം പുറത്തായി. വിരാട് കോഹ്‌ലിയും കെ.എൽ.രാഹുലുമാണ് ക്രീസിലുള്ളത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ബാറ്റർമാർ നൽകിയത്. പാകിസ്താൻ പേസ് ബൗളർമാരെ ഗില്ലും രോഹിത്തും ചേർന്ന് വിറപ്പിക്കാൻ തുടങ്ങി. ഇതോടെ പാകിസ്താൻ പ്രതിരോധത്തിലായി. ഗിൽ 13-ാം ഓവറിൽ 37 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടി. പിന്നാലെ ടീമിന്റെ സ്‌കോർ 100 കടന്നു.
42 പന്തുകളിൽ നിന്ന് ഇന്ത്യൻ നായകനും അർദ്ധ സെഞ്ച്വറി നേടി. അർദ്ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരുവരും പുറത്തായി. 56 റൺസെടുത്ത രോഹിത്തിനെ ശദബ് ഖാൻ ഫഹീം അഷറഫിന്റെ കയ്യിലെത്തിച്ചു. പിന്നാലെ ഗില്ലും വീണു. 52 പന്തിൽ നിന്ന് 10 ഫോറടക്കം 58 റൺസെടുത്ത ഗില്ലിനെ ഷഹീൻ അഫ്രീദി സൽമാൻ അലിയുടെ കയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി. ആദ്യ വിക്കറ്റിൽ രോഹിതും ഗില്ലും 121 റൺസാണ് കൂട്ടിച്ചേർത്തത്.
പിന്നീട് ക്രീസിലെത്തിയ കെ.എൽ.രാഹുലും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. പിന്നീട് കനത്ത മഴ പെയ്തതോടെ മത്സരം നിർത്തിവെയ്‌ക്കുകയായിരുന്നു. കോഹ്‌ലി ഏട്ടു റൺസെടുത്തും രാഹുൽ 17 റൺസ് നേടിയും പുറത്താവാതെ നിൽക്കുന്നു.
















Comments