ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഖലിസ്ഥാൻ ഭീകരവാദം ഉൾപ്പെടെയുളള വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഭാരതത്തിനൊപ്പം ചേർന്ന് ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഖലിസ്ഥാൻ വാദികളുടെ നിരന്തരമായ പ്രതിഷേധങ്ങളും ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾക്കും കാനഡ വേദിയാകുന്നതിൽ ഭാരതം ശക്തമായി പ്രതികരിച്ചിരുന്നു. ഈ അവസരത്തിൽ കൂടിയാണ് ഖലിസ്ഥാൻ ഭീകരരുമായി കനേഡിയൻ ജനതയ്‌ക്ക് പങ്കില്ലെന്നും ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ ഭാരതത്തിനൊപ്പം നിൽക്കുമെന്നും കാനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖലിസ്ഥാൻ ഭീകരവാദത്തെയും വിദേശ ഇടപെടലിനെയും കുറിച്ചാണ് സംസാരിച്ചത്. അഭിപ്രായ സ്വതന്ത്ര്യത്തിനും ധർമ്മബോധത്തിനും സമാധാനപരമായ പ്രതിഷേധത്തിനും അവസരം നൽകുന്ന രാജ്യമാണ് കാനഡ. എന്നാൽ, ഇതിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും വിദ്വേഷങ്ങൾക്കും ഞങ്ങൾ എതിരാണ്. ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ ഭാരതത്തിനൊപ്പം നിന്ന് ഞങ്ങൾ പ്രവർത്തിക്കും- ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
കഴിഞ്ഞ ജൂലൈ എട്ടിനാണ് ഏറ്റവും ഒടുവിൽ ഖലിസ്ഥാൻ വികടനവാദികൾ കാനഡയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ റാലി സംഘടിപ്പിച്ചത്. കാനഡയിലെ ഇന്ത്യൻ അംബാസഡർക്കും ടൊറന്റോയിലെ കോൺസുലേറ്റ് ജനറലിനും നേരെ ഖലിസ്ഥാൻ ഭീകരവാദികൾ ഭീഷണി പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല മുദ്രവാക്യങ്ങൾ ഉയർത്തിയ ഇവർ ഇന്ത്യൻ വംശജരായ മാദ്ധ്യമ പ്രവർത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. കാനഡയിൽ നടക്കുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരെ ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ശക്തമായാണ് പ്രതിഷേധം അറിയിച്ചത്.
Comments