മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ പറ്റിച്ച് യുവതിയും സംഘവും തട്ടിയത് ഒരുകോടിയിലേറെ രൂപ. അഹമ്മദാബാദ് സ്വദേശിയായ എഞ്ചിനിയറാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.
കുല്‍ദീപ് പട്ടേല്‍ എന്ന യുവാവാണ് പരാതിയുമായെത്തിയത്. അദിതി സിംഗ് എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് തട്ടിപ്പിനിരയാക്കിയത്. യുകെയില്‍ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബിസിനസ് ഉണ്ടെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച് വിശ്വാസം ആര്‍ജിച്ചതിന് ശേഷമാണ് യുവതിയുടെ കബളിപ്പിക്കല്‍.
അദിതിയാണ് യുവാവിനെ ബിറ്റ് കോയിന്‍ ഇടപാടില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്. യുവതി പറഞ്ഞതനുസരിച്ച് ഒരു കസ്റ്റമര്‍ കെയര്‍ പ്രതിനിധിയോട് കുല്‍ദീപ് സംസാരിച്ചു. ഇവര്‍ പറഞ്ഞതനുസരിച്ച് ഒരു വെബ് സൈറ്റില്‍ പട്ടേല്‍ രജിസ്റ്റര്‍ ചെയ്ത്, പണം നിക്ഷേപിച്ചു. ആദ്യം ഒരുലക്ഷത്തില്‍ തുടങ്ങിയ നിക്ഷേപമാണ് 1.35 കോടിയോളം രൂപയിലേക്ക് നീണ്ടത്.
18 തവണയാണ് നിക്ഷേപം നടത്തിയത്. അക്കൗണ്ട് ഫ്രീസായെന്ന് പറഞ്ഞും യുവാവില്‍ നിന്നും പണം വാങ്ങി. ഒരു രൂപപോലും തിരികെ കിട്ടിയുമില്ല. ഇതിന് പിന്നാലെയ യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വിവരം മനസിലാക്കിയത്.
Comments