പുതിയ പാർലമെന്റ്, പുതിയ യൂണിഫോം; അമൃതകാലത്തെ അടയാളപ്പെടുത്താൻ പുതിയ പാർലമെന്റ് മന്ദിരം സമ്മേളനത്തിനായി ഒരുങ്ങുന്നു

Published by
Janam Web Desk

ന്യൂഡൽഹി: അമൃതകാലത്തിൽ ഭാരതത്തിന്റെ അടയാളമായി പുത്തൻ പാർലമെന്റ് മന്ദിരം സമ്മേളനത്തിനൊരുങ്ങുന്നു. വിനായക ചതുർത്ഥി ദിനത്തിലാകും പ്രഥമ സമ്മേളനം നടക്കുകയെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. അടിമുടി മാറ്റത്തോടെയായിരിക്കും പുത്തൻ പാർലമെന്റ് മന്ദരത്തിലേക്കുള്ള പ്രവേശനമെന്നാണ് റിപ്പോർട്ട്.

ഭാരതത്തിന്റെ പാരമ്പര്യങ്ങൾ വിളിച്ചോതുന്ന വിധത്തിലുള്ള വസ്ത്രമായിരിക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും ജീവനക്കാർക്ക് നൽകുക. ജീവനക്കാർക്ക് ക്രീം കളറിൽ പ്രിന്റഡ് ഷർട്ടും, കാക്കി പാന്റും, മെറൂൺ നിറത്തിലുള്ള ജാക്കറ്റുമാകും യൂണിഫോം. യൂണിഫോമിൽ ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയും പ്രിന്റ് ചെയ്തിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിറത്തോട് സാമ്യത പുലർത്തുന്ന നിറമാണ് ജാക്കറ്റിന് നൽകിയിരിക്കുന്നത്. ഔപചാരിക വസ്ത്രധാരണത്തിന്റെ മികച്ച ഉദാഹരണമായി ഭാരതീയർ കണക്കാപ്പെടുന്ന ബന്ദ്ഗാല അല്ലെങ്കിൽ ജോധ്പൂർ ജാക്കറ്റാണ് ജീവനക്കാർ ധരിക്കുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സഫാരി സ്യൂട്ടുകൾക്ക് പകരം ഭാരതീയ വസ്ത്രധാരണത്തെ പിന്തുണയ്‌ക്കും വിധത്തിലുള്ള യൂണിഫോമാണ് ജീവനക്കാർക്കായി ഒരുങ്ങുന്നത്. ക്രീം നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് മാർഷൽമാർ ധരിക്കുക. ഭാരതീയ പൈതൃകം വിളിച്ചോതുന്ന കർണാടക തലപ്പാവോ മണിപ്പൂരി തലപ്പാവോ ഇതിനൊപ്പമുണ്ടാകും.

നിലവിൽ സുരക്ഷാ ജീവനക്കാർക്കായുള്ള രണ്ട് തരത്തിലുള്ള യൂണിഫോമിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.  പാർലമെന്റിലെ വനിതാ ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുന്നുണ്ട്. പുതിയ ഡിസൈനിലുള്ള സാരി പണിപ്പുരയിലാണെന്നാണ് വിവരം. അടിമത്വത്തിന്റെയും അധിനിവേശത്തിന്റെയും ഓരോ അംശത്തെയും തുടച്ചുനീക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇവിടെയും പ്രകടമാകുന്നത്.

Share
Leave a Comment