“ഭാരതത്തിൽ എത്രയോ പാവപ്പെട്ട ജനങ്ങളുണ്ട്, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഇങ്ങനെ ഓരോ റോക്കറ്റ് വിടുമ്പോൾ കോടിയുടെ നഷ്ടങ്ങളാണ് ഉണ്ടാവുന്നത്, ഈ പണം ദരിദ്രരുടെ പട്ടിണി മാറ്റാൻ ഉപയോഗിക്കാമല്ലോ?” ഭാരതം പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ ദൗത്യം സാക്ഷാത്ക്കരിക്കാൻ നിർണായക പങ്കു വഹിച്ച ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥൻ വിദ്യാർത്ഥികളുമായി സംവദിച്ചപ്പോൾ ഉയർന്നു വന്ന ചോദ്യങ്ങളിലൊന്നായിരുന്നു ഇത്.. ശരിയാണ്! 140 കോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ഈ ഇന്ത്യാ മഹാരാജ്യത്ത് എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്? എന്നാൽ പാവപ്പെട്ടവർക്കും കൂടിയാണ് ഇത് വിക്ഷേപിക്കുന്നതെന്നായിരുന്നു ഈ ചോദ്യത്തിന് ഐഎസ്ആർഒ ചെയർമാൻ കൊടുത്ത മറുപടി.
എങ്ങനെയാണ് ഇത്തരം ശാസ്ത്രദൗത്യങ്ങൾ മാനവരാശിക്ക് ഗുണം ചെയ്യുന്നതെന്ന് നോക്കാം..
ഉൽക്കകൾ വീണും അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന പൊടിപടലങ്ങൾ ചേർന്നാണ് ചന്ദ്രനിലെ മണ്ണ് രൂപപ്പെടുന്നത്. ഇതിനെ കുറിച്ച് പഠിക്കാൻ ഉപഗ്രഹം വിക്ഷേപിച്ചാൽ സാധാരണക്കാർക്ക് എന്താണ് ഉപകാരം? നമ്മൾ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ തരുന്ന ഡാറ്റകൾ ഉപയോഗിച്ചാണ് ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങൾ, വിലക്കയറ്റത്തിൽ വരുന്ന മാറ്റങ്ങൾ, എന്നിവ പഠിക്കാൻ സാധിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്നുള്ള കല്ലിനെയും മണ്ണിനെയും ചേർത്ത് റിഗോലിത്ത് എന്നാണ് പറയുന്നത്. കാലാവസ്ഥാ മാറ്റങ്ങൾ മാത്രമല്ല മറ്റു നിരവധി കാര്യങ്ങളാണ് ഇത്തരം വിക്ഷേപണങ്ങളിൽ നിന്നും കണ്ടെത്താൻ സാധിക്കുന്നത്.
ചന്ദ്രനിൽ മനുഷ്യൻ ചെന്നിറങ്ങി തിരിച്ചു പോരുമ്പോൾ കൊണ്ടു വന്ന കല്ലും മണ്ണും ഉപയോഗിച്ച് നിരവധി പഠനങ്ങളാണ് നടത്തിയിരുന്നത്. ഫ്ളോറിഡയിലെ ശാസ്ത്രജ്ഞർ ഈ മണ്ണിൽ കടുക് വർഗത്തിൽ പെട്ട ചെടികൾ വളർത്തിയെടുത്തത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അപ്പോളോ 11, 12,17 ദൗത്യത്തിൽ നിന്നുള്ള മണ്ണാണ് ഇതിനായി ഉപയോഗിച്ചത്. ചന്ദ്രനിൽ കൃഷിചെയ്യാനുള്ള സാദ്ധ്യതകളാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോൾ ചന്ദ്രയാൻ 3 നടത്തിയ പരിശോധനകളിൽ നിന്നും, ചന്ദ്രനിൽ സൾഫർ, ഓക്സിജൻ തുടങ്ങി നിരവധി മൂലകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രനിൽ മനുഷ്യവാസം സാധ്യമാകുമോ എന്നതിന് നിരവധി സാദ്ധ്യതകളാണ് തുറന്നു നൽകുന്നത്. മറ്റുള്ള രാജ്യങ്ങളോട് കൈ നീട്ടാതെ നമുക്ക് സ്വന്തമായി ഉപഗ്രഹങ്ങൾ ഉണ്ടെങ്കിൽ മാത്രമേ, ബഹിരാകാശത്ത് നടക്കുന്ന വ്യതിയാനങ്ങൾ എങ്ങനെ ഭൂമിയെ ബാധിക്കുമെന്ന് അടക്കമുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയുകയുള്ളൂ..
Comments