ഇസ്ലാമബാദ്; പാകിസ്താനിലെ ചിത്രാൽ സൈനിക ആസ്ഥാനം പാക് താലിബാൻ എന്ന അറിയപ്പെടുന്ന തെഹ്‌രീക് – ഇ- താലിബാന്‍ പാകിസ്താൻ പിടിച്ചെടുത്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആഴ്ചകളായി നടക്കുന്ന കലാപത്തിന് തുടർച്ചയായാണ് സൈനികാസ്ഥാനം കീഴടക്കിയത്. ചിത്രാലിലെ ഗ്രാമങ്ങൾ കീഴടക്കിയ ശേഷമാണ് പാക് താലിബാൻ സൈനികാസ്ഥാനം ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയത്. ആക്രമത്തിൽ സൈനികർ കൊല്ലപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക് – ഇ- താലിബാന്‍ പാകിസ്താൻ ഏറ്റെടുത്തു. അർദ്ധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ വാഹനവ്യൂഹമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. പാകിസ്ഥാൻ സൈന്യത്തിന്റെ ആസ്ഥാനം പിടിച്ചെടുത്തതിന് ശേഷം താലിബാൻ ഭീകരർ പാക് പതാകയ്ക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ചിത്രാലിൽ നടന്ന താലിബാൻ ആക്രമണത്തെക്കുറിച്ച് നിശബ്ദത പാലിച്ച പാക സൈന്യത്തിന്റെ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് കഴിഞ്ഞയാഴ്ച നടന്ന താലിബാൻ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി സമ്മതിച്ചു. കഴിഞ്ഞ നവംബറിൽ പാക് താലിബാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി പാകിസ്താന്റെ എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചിത്രാൽ. കൂടാതെ ചൈനയിലെ സിൻജിയാങ് മേഖലയോട് ചേർന്ന് നിൽക്കുന്നതിനാലും പാകിസ്താനെ സംബന്ധിച്ച് ഈ മേഖല തന്ത്രപ്രധാനമാണ്.
അഫ്ഗാന്റെ ഭരണം താലിബാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം പാകിസ്താനിൽ താലിബാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം രൂക്ഷമാണ്. ചിത്രാലിലെ കലാഷ് പ്രദേശത്താണ് ഇവർ തമ്പടിച്ചിരിക്കുന്നത്. ചിത്രാൽ ന്യൂനപക്ഷമായ ഇസ്മായിലി, കലാശ വംശത്തിന്റെ കേന്ദ്രമാണ്. ഡോൺ റിപ്പോർട്ട് ചെയ്തതുപോലെ, ന്യൂനപക്ഷ സമുദായങ്ങളെയാണ് തെഹ്‌രീക്- ഇ- താലിബാന്‍ ലക്ഷ്യമിടുന്നത്. ഈ വർഷം രാജ്യത്തുടനീളമുള്ള ആക്രമണങ്ങളിൽ 220 സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യത്തെ ഉദ്ധരിച്ച് പാക് പത്രം റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അനുസരിച്ച്, 4,000 ത്തിലധികം പാക് താലിബൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
















Comments