കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ച് മരിച്ച ഹാരിസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഹാരിസിന്റെ മൃതദേഹം സംസ്‌കാരത്തിനായി ആശുപത്രി അധികൃതർ വിട്ടുനൽകിയത്. തുടർന്ന് നിപ പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്‌കാരം നടത്തിയത്. വടകര മംഗലാട് സ്വദേശിയായ ഹാരിസിന് കടമേരി ജുമാമസ്‌ജിദ് ഖബറിസ്ഥാനിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. കോർപ്പറേഷനിലെ ആരോഗ്യ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു ജയറാം, വി കെ പ്രമോദ്, പി എസ് ഡെയ്‌സൺ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
മരിച്ച രണ്ട് പേർക്കും നിപയുണ്ടായിരുന്നതായി വിദഗ്ധ പരിശോധനയ്‌ക്ക് പിന്നാലെയാണ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം എല്ലാവരും കർശനമായി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. നിപ പ്രതിരോധത്തിനാവശ്യമായ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പാനൽ രൂപവൽകരിച്ചു.
ആദ്യം മരിച്ച ആളുടെ ഒന്‍പത് വയസുള്ള കുട്ടി വെന്റിലേറ്ററില്‍ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യ ഐസൊലേഷനില്‍ ആണ്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന നാല് പേരുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ നിപ ബാധിച്ച് മരിച്ചവർ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 75 പേരുടെ സമ്പര്‍ക്ക പട്ടിക നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരാണ്. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്. ജില്ലയിലെ രോഗികളെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും കൊണ്ടുപോകുന്നതിന് 108 ആംബുലൻസുകളെ സജ്ജമാക്കിയിട്ടുണ്ട്.
















Comments