പാലക്കാട്: എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ എസ്‌ഐക്ക് എതിരെ പ്രതികാര നടപടി. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ബി. പ്രമോദിനെയാണ് പാലക്കാട് നർക്കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്. ജില്ലാ പോലീസ് മേധാവിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ചെറുപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ എസ്എഫ്‌ഐയും ബസ് ജീവനക്കാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ തങ്ങൾക്ക് നേരെ എസ്‌ഐ ലാത്തി വീശി എന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. തിങ്കളാഴ്ചയാണ് ചെർപ്പുളശ്ശേരിയിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐയും തമ്മിൽ സംഘർഷമുണ്ടായത്. വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബസ് സ്റ്റാൻഡിൽ സംഘർഷമുണ്ടായത്.
പിറ്റേന്ന്, ജീവനക്കാരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കും നടത്തിയിരുന്നു. എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ജീവനക്കാരോട് പണിമുടക്കിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബസുകാരുമായി സ്റ്റേഷനിൽ ചർച്ച നടത്തിയിരുന്നു. സ്റ്റാൻഡിൽ പ്രശ്‌നമുണ്ടായാൽ പോലീസ് ഇടപെടുമെന്ന് ഉറപ്പ് നൽകിയതോടെ സമരം പിൻ വലിച്ചെങ്കിലും എഐ സ്റ്റാൻഡിൽ വിദ്യാർത്ഥികളെ മർദ്ദിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു എസ്എഫ്‌ഐ നേതാക്കളുടെ ആവശ്യം.
















Comments