യുവാക്കൾക്ക് മികച്ച ഭാവി വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് സ്കിൽ ഇന്ത്യയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ എന്നീ രണ്ട് ദർശനങ്ങളാണ് പ്രധാനമന്ത്രിക്കുള്ളത്. സ്കിൽ ഇന്ത്യ എന്നത് ഇവ രണ്ടിന്റെയും ഒത്തുച്ചേരലാണ് പുതിയ പ്ലാറ്റ്ഫോം എന്നും അദ്ദേഹം പറഞ്ഞു.
യുവജനതയെ ശാക്തീകരിക്കാനുള്ള പദ്ധതിയാണിത്. അവസരങ്ങളുടെ വിശാല ലോകമാണ് സ്കിൽ ഇന്ത്യ തരുന്നത്. മികച്ച ഉദ്യോഗസ്ഥരെയും സംരംഭകരെയും സൃഷ്ടിക്കാനുള്ള വേദിയാകും സ്കിൽ ഇന്ത്യ പ്ലാറ്റ്ഫോം. ആറാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ ആപ്പ്. 50 കോടി ജനങ്ങളെ ലക്ഷ്യം വെച്ച്, അവരുടെ ശോഭന ഭാവിക്കായി വ്യാപനം വർദ്ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആളുകൾ അധികവും കാണുന്ന ഇൻസ്റ്റഗ്രാം പോലെ ആവേശകരമായ ആപ്പായി ഇതിനെ മാറ്റുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഡിജിറ്റൽ മേഖലയിലെ ജോലി സാധ്യതകൾ മറ്റുള്ളവയെ അപേക്ഷിച്ച് 2.5 മടങ്ങാണ് വർദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും വ്യവസായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പഠിതാക്കളെ സഹായിക്കുന്നതിനുമായി പ്രമുഖ സ്ഥാപനങ്ങളുമായി നിരവധി ധാരണാപത്രങ്ങൾ ചടങ്ങിൽ ഒപ്പുവെച്ചിട്ടുണ്ട്.
നെപുണ്യ സംരംഭങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും സംരംഭകത്വ പിന്തുണ നൽകുന്നതിനുമായാണ് ‘സ്കിൽ ഇന്ത്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ‘അവതരിപ്പിച്ചിരിക്കുന്നത്. തൊഴിൽ കണ്ടെത്തുന്നതിനും അപ്രന്റീസ്ഷിപ്പിനും സംരംഭകത്വത്തിനും അവസരങ്ങൾ നൽകും. സ്കിൽ ഇന്ത്യ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് പ്രാദേശിക ഭാഷകളിലും ആപ്പ് ലഭ്യമാകും.
Comments