ഭോപ്പാൽ: ഹിന്ദു സ്വത്വം അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിൽ എത്തിയ ഋഷി സുനക് തന്റെ ഹിന്ദു സ്വത്വം അഭിമാനത്തോടെയാണ് ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയത്. താൻ ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് സുനക് പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ പോകാനും ഗോമാതാവിനെ ആരാധിക്കാനും സന്യാസിമാരുടെ സാന്നിധ്യത്തിൽ ജയ് ശ്രീറാം ജയ് സീതാറാം എന്ന് വിളിക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ല, കാരണം അദ്ദേഹത്തിന്റെ പൈതൃകം സനാതന ധർമ്മത്തിന്റെ സംസ്‌കാരങ്ങളാലും മൂല്യങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നു ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഇൻഡോറിലെ നാഥ് ക്ഷേത്രത്തിൽ ധ്വജസ്തംഭം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
ഹിന്ദുവായതിൽ അഭിമാനം കൊള്ളുന്നതായി ഋഷി സുനക് ജി20 ഉച്ചകോടിക്ക് മുന്നോടിയായി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭാരതത്തിൽ എത്തുന്ന വേളയിൽ ക്ഷേത്ര ദർശനം നടത്തണമെന്ന ആഗ്രഹം വെളിപ്പെടുത്തുകയായിരുന്നു. ‘ഞാൻ അഭിമാനിയായ ഒരു ഹിന്ദുവാണ്. അങ്ങനെയാണ് ഞാൻ വളർന്നത്. ഭാരതത്തിൽ എത്തിയാൽ ക്ഷേത്രം സന്ദർശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്തിടെ രക്ഷാബന്ധൻ ഉണ്ടായിരുന്നു. സഹോദരിയിൽ നിന്നും ബന്ധുവിൽ നിന്നും രാഖികളും ലഭിച്ചിരുന്നു. തിരക്കുകൾക്ക് ഇടയിലായിരുന്നതിനാൽ ജന്മാഷ്ടമി ആഘോഷിക്കാൻ കഴിഞ്ഞില്ല. ക്ഷേത്ര ദർശനം നടത്തിയാൽ ഈ ദുഃഖം മാറ്റാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും സുനക് പറഞ്ഞിരുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഋഷി സുനക്കിനെയും ഭാര്യ അക്ഷത മൂർത്തിയെയും ”ജയ് ശ്രീ റാം” ചൊല്ലി അഭിവാദ്യം ചെയ്താണ് കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ സ്വീകരിച്ചത്. ഭഗവദ് ഗീതയുടെയും ഹനുമാൻ ചാലിസയുടെയും പകർപ്പും, രുദ്രാക്ഷവും അശ്വനി കുമാർ ദമ്പതികൾക്ക് സമ്മാനിച്ചിരുന്നു.
രാജ്യതലസ്ഥാനത്ത് നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ഋഷി സുനകും ഭാര്യ അക്ഷിതാ മൂർത്തിയും ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പ്രാർത്ഥനകൾക്ക് ശേഷം ആരതിയിലും ഇരുവരും പങ്കുച്ചേർന്നു. നഗ്‌നപാദനായി ഏറെ ഭക്തിയോടെയാണ് അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്.
ആഗോള തലത്തിൽ താൻ ഹിന്ദുവാണെന്ന് ആർജ്ജവത്തൊടെ പറയുന്ന നേതാവാണ് ഋഷി സുനക്. കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്ന രാമകഥാ പ്രഭാഷണത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഏതൊരു ഹിന്ദുവിലും ആവേശം നിറയ്‌ക്കുന്നായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയിലല്ല, ഹിന്ദുവെന്ന നിലയിലാണ് താൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നതെന്നും ഋഷി സുനക് വ്യക്തമാക്കിയിരുന്നു. മേശപ്പുറത്ത് ഗണപതിയുടെ ഒരു സ്വർണ്ണ വിഗ്രഹവും ഉണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു. ജയ് ശ്രീറാം മുഴക്കി തന്റെ പ്രസംഗം ആരംഭിച്ച ഋഷി സുനകിനെ നിറഞ്ഞ കൈയ്യടികളോടെയാണ് വരവേറ്റത്.
















Comments