തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയിൽ ആശങ്ക തുടരുകയാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനോടനുബന്ധിച്ച് കേന്ദ്ര വിദഗ്ധ സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. നിപ വൈറസ് പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനെയിൽ നിന്നുമുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം വൈകിട്ടോടെ മൊബൈൽ ലാബ് സ്ഥാപിക്കും. ഇതിന് പുറമേ വവ്വാലുകളുടെ സർവേയും ഉദ്യോഗസ്ഥർ നടത്തും.
മൊബൈൽ ലാബ് സജ്ജമാക്കുന്നതോടെ പരിശോധനാ ഫലം കുറച്ചുകൂടി വേഗത്തിൽ അറിയാനാകും. സാംപിൾ അയച്ച് കാത്തിരിക്കേണ്ട അവസ്ഥയില്ല. മൊബൈൽ ലാബ് ജില്ലയിൽ തന്നെ സ്ഥാപിക്കുന്നതിലൂടെ വളരെ വേഗത്തിൽ ഫലം അറിയാനാകും എന്നതാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്ത് നിപ പരിശോധന നടത്തുന്നതിന് സംവിധാനം ഉണ്ടെങ്കിലും ഐസിഎംആർ മാനദണ്ഡപ്രകാരം സാങ്കേതികമായി പ്രഖ്യാപിക്കേണ്ടത് പുനെയിൽ നിന്നുമാണ്. മൊബൈൽ ലാബ് സജ്ജമാക്കുന്നതോടെ സമയലാഭവും ഉണ്ട്.
പൂനെ എൻഐവിയിൽ നിന്നും സംഘം കോഴിക്കോട് മെഡിക്കൽ കോളേജിലെ ബിആർഡിഎൽ ലബോറട്ടറിയിൽ മൊബൈൽ യൂണിറ്റുകൾ സ്ഥാപിക്കും. മെഡിക്കൽ കോളേജ് പരിസരത്താണ് യൂണിറ്റ് സ്ഥാപിക്കുന്നത്. രണ്ട് ആഴ്ചയാണ് ലാബിന്റെ സേവനം ലഭ്യമാകുക. പ്രാഥമിക സമ്പർക്കത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്.
















Comments