സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിലപാട് മാറ്റി വൈദ്യുതി മന്ത്രി; നിരക്കുകളിൽ വൈകാതെ വർദ്ധനവ് വരുത്തുമെന്ന് സൂചന

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനയിൽ നിലപാട് മാറ്റി വൈദ്യുതി മന്ത്രി. നിരക്ക് വർദ്ധിപ്പിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.

വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് 2014-ൽ സർക്കാർ അംഗീകാരം നൽകിയെങ്കിലും റെഗുലേറ്ററി കമ്മീഷൻ തടസ്സം സൃഷ്ടിക്കുന്നു. ദീർഘകാല വൈദ്യുത കരാർ സംബന്ധിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.

വൈദ്യൂതി പ്രതിസന്ധിയിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തുവന്നു. വൈദ്യുതി വാങ്ങുന്നതിലെ സർക്കാർ വീഴ്ച അനുഭവിക്കുന്നത് ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അമിത നിരക്കിൽ വൈദ്യുതി വാങ്ങിയതിൽ സിബിഐ അന്വേഷണം നടത്തുമോയെന്ന് എം. വിൻസന്റ് എംഎൽഎയും ചോദിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയല്ലെന്നും ജനങ്ങളുടെ മേൽ അമിതഭാരം ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

അതേസമയം വൈദ്യുതി നിരക്കിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ വകുപ്പ് മന്ത്രി മിനിറ്റുകൾക്കുള്ളിൽ തന്നെ അത് തിരുത്തി. വൈദ്യുത ഉത്പാദനത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന സംസ്ഥാനം നിരക്കുകളിൽ വൈകാതെ വർദ്ധനവ് വരുത്തുമെന്ന സൂചനയാണ് മന്ത്രിയുടെ തിരുത്തിലൂടെ പുറത്തുവരുന്നത്.

Share
Leave a Comment