ഇന്ത്യന്‍ ആരാധകര്‍ ഒര്‍ക്കാനിഷ്ടപ്പെടാത്തതും ലങ്കന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത മത്സരമായിരുന്നു 2000 ഒക്ടോബര്‍ 29. ഷാര്‍ജയില്‍ അരങ്ങേറിയത്. കൊക്കക്കോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ സനത് ജയസൂര്യയുടെ സംഹാര താണ്ഡവത്തില്‍ ഇന്ത്യയെ കശക്കിയെറിഞ്ഞ് ശ്രീലങ്ക കിരീടം നേടുമ്പോള്‍ ഇന്ത്യയൊന്നാകെ കണ്ണീര്‍ വാര്‍ത്തിരുന്നു.
പരാജയം മാത്രമല്ലെ അന്ന് ഇന്ത്യന്‍ ആരാധകരെ കരയിപ്പിച്ചത്. നാണക്കേടായിരുന്നു വമ്പന്‍ തോല്‍വിയുടെ നാണക്കേട്. അന്ന് ചാമിന്ദ വാസാണ് ഇന്ത്യയുടെ നാണക്കേടിന്റെ കുഴി തോണ്ടിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മോശം സ്‌കോറെന്ന നാണംകെട്ട റെക്കോര്‍ഡുമായാണ് അന്ന് ഇന്ത്യയുടെ പ്രഗല്‍ഭരായ ബാറ്റിംഗ് നിര കൂടാരം കയറിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സനത് ജയസൂര്യയുടെ സെഞ്ച്വറി മികവില്‍ (161 പന്തില്‍ 189) 299 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി.മറുപടി ബാറ്റിംഗില്‍ ചാമിന്ദ വാസും മുത്തയ്യ മുരളീധരനും കൂടി ഗാംഗുലി നയിച്ച ഇന്ത്യയെ 54 റണ്‍സിന് തകര്‍ത്തെറിയുകയായിരുന്നു.
9.3 ഓവറില്‍ 14 റണ്‍സ് വഴങ്ങി അന്ന് ചാമിന്ദ വാസ് അഞ്ച് വിക്കറ്റാണ് എറിഞ്ഞിട്ടത്. ആറോവറില്‍ ആറ് റണ്‍സ് വഴങ്ങി മുരളീധരനും മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി. 245 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയുമായാണ് അന്ന് ഇന്ത്യ മടങ്ങിയത്.
ആ വേദനിക്കുന്ന ഓര്‍മ്മയ്‌ക്കാണ് ഇന്ന് രോഹിത്തും പിള്ളേരും കണക്ക് തീര്‍ത്തത്. ഇന്നത്തെ ദിനം ശ്രീലങ്കന്‍ ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നതായിരിക്കില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വെറും 50 റണ്‍സിനാണ് ശ്രീലങ്കയെ നിലംതൊടിക്കാന്‍ അനുവദിക്കാതെ പുറത്താക്കിയത്. മുഹമ്മദ് സിറാജ് കത്തിയക്കയറിയപ്പോള്‍ എരിഞ്ഞടങ്ങനെ ശ്രീലങ്കയ്‌ക്ക് പറ്റുമായിരുന്നുള്ളൂ.
















Comments