ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശക്തിക്ക് മൂർച്ച കൂട്ടാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ചൈനയുമായും പാകിസ്താനുമായും അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയിൽ വിന്യസിക്കുന്നതിനാണ് പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ ഒരു റെജിമെന്റ് വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
150 മുതൽ 500 കിലോമീറ്റർ വരെ ലക്ഷ്യത്തിലെത്തിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകൾക്ക് സാധിക്കും. ഇവ വാങ്ങുന്നതിനുള്ള നിർദ്ദേശം അടുത്തിടെ നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലായിരുന്നു അംഗീകരിച്ചത്. ഇന്ത്യൻ സൈന്യത്തിന് വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച സുപ്രധാന തീരുമാനമാണിതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
തന്ത്രപരവും നിർണായകവുമായ ഘട്ടങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കാനുള്ള അനുവാദം പുതിയ നയപ്രകാരം ഉണ്ടായതിനെ തുടർന്നാണ് പ്രളയ് വാങ്ങുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത മിസൈലുകൾക്ക് ആവശ്യമായ കൂടുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതുപ്രകാരം സേനയ്ക്ക് ആവശ്യമായ ലക്ഷ്യത്തിൽ മിസൈലുകൾ എത്തിക്കാനുള്ള പരിധി നിശ്ചയിക്കാൻ കഴിയും. കഴിഞ്ഞ വർഷം ഡിസംബർ 21നും 22നും തുടർച്ചയായി രണ്ടുതവണ നടത്തിയ മിസൈൽ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.
ഒരു അർദ്ധ-ബാലിസ്റ്റിക് ഉപരിതല മിസൈലാണ് ‘പ്രളയ്’. ഇന്റർസെപ്റ്റർ മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ അത്യാധുനിക രീതിയിലാണ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. അന്തരീക്ഷത്തിലൂടെ ഒരു നിശ്ചിത ദൂരം കടന്നുപോയതിന് ശേഷം സഞ്ചരിക്കുന്ന പാതയിൽ വ്യത്യാസം വരുത്താനുള്ള കഴിവ് ഈ മിസൈലിനുണ്ട്. സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും മറ്റ് നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പ്രളയ് പ്രവർത്തിക്കുന്നത്.
Comments