പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം; പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സഭാസമ്മേളനം

Published by
Janam Web Desk

ന്യൂഡൽഹി: പാർലമെന്റിന്റെ അഞ്ച് ദിവസം നീളുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പഴയപാർലമെന്റ് മന്ദിരത്തിലെ അവസാന സഭാ സമ്മേളനമായിരിക്കും ഇന്ന് നടക്കുക. അഭിഭാഷകരുടെ (ഭേദഗതി) ബിൽ, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, പോസ്റ്റ് ഓഫീസ് ബിൽ എന്നിവയാണ് പ്രത്യേക സമ്മേളനത്തിന്റെ താത്കാലിക പട്ടികയിൽ ഉൾപ്പെടുന്നത്.

അഭിഭാഷകരുടെ (ഭേദഗതി) ബിൽ, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബിൽ, എന്നിവ രാജ്യസഭ ഓഗസ്റ്റ് മൂന്നിന് പാസാക്കിയിരുന്നു. ലോക്‌സഭയുടെ പ്രത്യേക സമ്മേളനത്തിൽ ഈ ബില്ലുകൾ ചർച്ച ചെയ്യും. 75 വർഷം പൂർത്തിയാക്കിയ പാർലമെന്റിന്റെ നേട്ടങ്ങൾ, അനുഭവങ്ങൾ, ഓർമ്മകൾ, പഠനങ്ങൾ എന്നീ വിഷയത്തിലും ഇന്ന് ചർച്ച നടക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കും. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ ചർച്ചയ്‌ക്ക് തുടക്കമിടും. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ടും ആദ്യ ദിവസമായ ഇന്ന് ബിജെപിയുടെ ലോക്സഭാ എംപിമാരായ സുനിൽ കുമാർ സിംഗും ഗണേഷ് സിംഗും ചേർന്ന് അവതരിപ്പിക്കും.

ഗണേശ ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ 19 മുതൽ പാർലമെന്റിന്റെ പ്രവർത്തനം പുതിയ മന്ദിരത്തിലാണ്. മെയ് 28നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പ്രത്യേക സമ്മേളനത്തിനോട് അനുബന്ധിച്ച് പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ഇന്നലെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തിയിരുന്നു.

 

Share
Leave a Comment