ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സമൂഹത്തിനായി രാജ്യത്തെ ആദ്യ ഒപി കൗണ്ടർ ഡൽഹി ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് ഒപി കൗണ്ടർ തുറന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തിന് തുല്യമായ ആരോഗ്യ സേവനങ്ങൾ നൽകണമെന്നും അവരുടെയും ആരോഗ്യം പ്രധാനമാണെന്നും ആശുപത്രി ഡയറക്ടർ പ്രൊഫസർ ഡോ. അജയ് ശുക്ല പറഞ്ഞു.
സമൂഹത്തിൽ ട്രാൻസ്ജെൻഡേഴ്സ് ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടുന്നുണ്ട്. നിരവധി ട്രാൻസ്ജെൻഡേഴ്സുമായി ഞങ്ങൾ സംസാരിച്ചു. പലയിടങ്ങളിലും അവർ അധിക്ഷേപിക്കപ്പെടുന്നു. പൊതുസ്ഥലങ്ങളിൽ മറ്റ് ആളുകളോടൊപ്പം ചികിത്സ ലഭ്യമാക്കുന്നതിൽ അവർ പ്രതിസന്ധികൾ നേരിടുന്നു. മറ്റുള്ളവരുടെ അധിക്ഷേപവും അവഹേളനവും കാരണം അസുഖം വന്നാൽ ചികിത്സിക്കാൻ പോലും അവർ കൂട്ടാക്കുന്നില്ലെന്നും അജയ് ശുക്ല പറഞ്ഞു.
ആശുപത്രിയിൽ ട്രാൻസ്ജെൻഡർ രോഗികൾക്ക് പ്രത്യേക വിശ്രമമുറികളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിരവധി ട്രാൻസ്ജെൻഡേഴ്സിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. തങ്ങൾക്ക് വേണ്ടി ഇങ്ങനെയൊരു സംരംഭം തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്രാൻസ്ജെൻഡേഴ്സ് പ്രതികരിച്ചു.
Comments