ബെംഗളൂരു: കർണാടകയിലെ ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൊയ്‌സാല ക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതോടെ ഇന്ത്യയ്‌ക്ക് കൂടുതൽ അഭിമാനം നേടാൻ സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
‘ഹോയ്‌സാല ക്ഷേത്രങ്ങളുടെ കാലാതീതമായ സൗന്ദര്യവും സങ്കീർണ്ണമായ വിശദാംശങ്ങളും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും നമ്മുടെ പൂർവ്വികരുടെ അത്ഭുതകരമായ കരകൗശലത്തിന്റെയും തെളിവാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സന്തോഷം പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറും ട്വിറ്ററിൽ കുറിച്ചു. നമ്മുടെ പരമ്പരാഗത കലയ്‌ക്കും വാസ്തുവിദ്യയ്‌ക്കും അർഹമായ അംഗീകാരമാണിതെന്നായിരുന്നു ജയശങ്കറുടെ പ്രതികരണം.
ലോക പൈതൃക പട്ടികയിൽ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ 42-ാമത്തെ സ്ഥലമായി മാറിയിരിക്കുകയാണ് ഹോയ്‌സാല ക്ഷേത്രങ്ങൾ. ബേലൂർ, ഹലേബിഡ്, സോമനന്തപുര മേഖലകളിലാണ് ഹോയ്‌സാല ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം.
Comments