കോട്ടയം: കോൺഗ്രസിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് . കെ. സുധാകരനും വി.ഡി. സതീശനും തമ്മിലുള്ള ‘മികച്ച’ സ്വരചേർച്ചയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാണ്ടി ഉമ്മന്റെ വിജയവുമായി ബന്ധപ്പെട്ട് കോട്ടയം ഡി സി സി യിൽ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
വാർത്താ സമ്മേളനം ആര് തുടങ്ങുമെന്നതായിരുന്നു പൊതുവേദിയിൽ ഇരുവരും തമ്മിലുള്ള തർക്കം. വാർത്താസമ്മേളനമാരംഭിക്കാൻ സർവ്വ സന്നാഹവുമായി മൈക്കുകൾ നിരത്തി വച്ചിരിക്കുന്നതിന് നേരെ മുന്നിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വന്നിരുന്നത്. എന്നാൽ സുധാകരൻ വന്നതൊടെ കളി മാറുകയായിരുന്നു. കെ സുധാകരൻ വന്നിരിക്കുമ്പോൾ വി ഡി സതീശൻ മെക്ക് തന്റെ ഭാഗത്തോട്ട് അടുപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഇരുവരും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ…
സുധാകരൻ: ഞാൻ തുടങ്ങും..
സതീശൻ: ഇല്ലില്ല ഞാൻ തുടങ്ങും…
സുധാകരൻ: അതെങ്ങനെയാ കെ പി സിസി പ്രസിഡന്റ് എന്ന നിലക്ക് ഞാനല്ലേ തുടങ്ങി വക്കേണ്ടത്…
സതീശൻ: ഞാൻ തുടങ്ങും.. ഞാൻ തുടങ്ങും…
കെ സുധാകരൻ: ഞാൻ തുടങ്ങി വെച്ചോളാം.. നിങ്ങള് പിന്നാലെ പറഞ്ഞോളൂ..
സതീശൻ: ഞാൻ തുടങ്ങും ഞാൻ തുടങ്ങും..
സുധാകരൻ: അത് ശരിയല്ല, അത് ശരിയല്ല…
ഒടുവിൽ ഇരുവരും തമ്മിലുള്ള മുറുമുറുപ്പ് രൂക്ഷമായതിന് പിന്നാലെ സതീശൻ തന്റെ മുമ്പിലുണ്ടായിരുന്ന മെക്ക് ദേഷ്യത്തൊടെ സുധാകരന് മുന്നിലേക്ക് നീക്കി വെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കോൺഗ്രസ് ജില്ലാ നേതൃത്വം സതീശന് ഷാൾ അണിയിച്ച് കൊടുക്കാൻ ശ്രമിക്കുമ്പോൾ നീരസത്തൊടെ വേണ്ടെന്ന് പറയുന്നതും വ്യക്തമായി കേൾക്കാം. തുടർന്ന് ഒരു മാദ്ധ്യമ പ്രവർത്തക ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചപ്പോൾ അത് മനസ്സിലാകാതിരുന്ന സുധാകരൻ എന്തെന്ന് സതീശനോട് ചോദിച്ചപ്പോൾ സതീശൻ കേട്ട ഭാവം നടിച്ചില്ല. കൂടാതെ ചോദ്യം പ്രസിഡന്റിനോടാണ് ചോദിക്കേണ്ടതെന്നും പറയുന്നു. തുടർന്ന് വാർത്ത സമ്മേളനത്തിൽ മുഴുവൻ സമയവും ഒരക്ഷരം ഉരിയാടാൻ സതീശൻ തയ്യാറായില്ല. സുധാകരൻ മൈക്ക് പിടിച്ച വാങ്ങി സംസാരിച്ചതിന്റെ ദേഷ്യം വാർത്ത സമ്മേളനത്തിൽ ഇരുവരും തമ്മിൽ പ്രകടമായിരുന്നു.
Comments