ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസായതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. നാരി ശക്തി വന്ദൻ അധീനം പാർലമെന്ററി ജനാധിപത്യത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയത് ബിൽ നിയമനിർമ്മാണ പ്രക്രിയകളിലെ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കാൻ വഴിയൊരുക്കും. ഇത് വഴി രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്താനുള്ള സ്ത്രീകളുടെ ശബ്ദത്തിന് കൂടുതൽ ശക്തി നൽകുകയും അവരുടെ സംഭാവന വർദ്ധിപ്പിക്കുകയും ചെയ്യും.
സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾ നേതൃത്വം നൽകുന്ന വികസനം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ പ്രതിബദ്ധതയുടെ തുടർച്ചയാണ് ഇത്. നാരീശക്തിക്ക് അർഹമായ അവകാശങ്ങൾ നൽകുന്ന നിയമനിർമ്മാണത്തിന് പ്രധാനമന്ത്രിയോട് തന്റെ നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The passage of ‘Nari Shakti Vandan Adhiniyam’ in the Lok Sabha today is a historic landmark in our Parliamentary Democracy.
This bill, envisioned by Hon. PM Shri @narendramodi Ji, will pave the way for higher participation of women in legislative processes, thus giving more…
— Jagat Prakash Nadda (@JPNadda) September 20, 2023
ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി നീക്കി വെക്കുക എന്ന ലക്ഷ്യത്തോടെ ഈ വനിതാ സംവരണ ബിൽ (നാരീ ശക്തി അധിനിയം) ലോക്‌സഭയിൽ പാസായി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് ഇത്. രണ്ടു വോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലും ബില്ലിനെ എതിർത്ത് വോട്ടുചെയ്തു. സ്ലിപ്പിലുടെയാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.















