ന്യൂഡൽഹി: സ്ത്രീശാക്തീകരണം എന്നത് മറ്റ് പല പാർട്ടികൾക്കും ഒരു രാഷ്‌ട്രീയ വിഷയമാകാമെങ്കിലും ബിജെപിക്ക് അപ്രകാരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയെ സംബന്ധിച്ചിടത്തോളം സ്ത്രീശാക്തീകരണമെന്നത് ഒരു രാഷ്‌ട്രീയ പ്രശ്‌നമല്ല, മറിച്ച് പാർട്ടിയുടെ തൊഴിൽ സംസ്‌കാരത്തിൽ സഹജമായി നിലകൊള്ളുന്ന ഒന്നാണതെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭയിൽ നടന്ന വനിതാ സംവരണ ബില്ലിന്റെ ചർച്ചയ്‌ക്കിടെയാണ് അമിത് ഷായുടെ പരാമർശം.
‘വനിതാ സംവരണ ബിൽ പാസാക്കിയത് രാജ്യത്ത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന പരമ്പരയുടെ പുതിയ ഘട്ടത്തിന് തുടക്കമിടും. ഈ ബിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന നയരൂപീകരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും. സ്ത്രീശാക്തീകരണം പല പാർട്ടികൾക്കും ഒരു രാഷ്‌ട്രീയ പ്രശ്‌നമായിരിക്കാം. എന്നാൽ ബിജെപിക്ക് ഇത് അങ്ങനെയല്ല’
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ സർക്കാർ രൂപീകരിച്ചത് മുതൽ സുരക്ഷ, അന്തസ്സ്, സ്ത്രീ പങ്കാളിത്തം എന്നിവയായിരുന്നു സർക്കാരിന്റെ ശ്രദ്ധാകേന്ദ്രം. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായുള്ള മികച്ച ഉദാഹരണമാണ് ‘ജൻ ധൻ’ അക്കൗണ്ടുകൾ. അക്കൗണ്ട് ഉടമകളിൽ 70 ശതമാനവും സ്ത്രീകളാണ് എന്നത് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ബിൽ ലോക്‌സഭ പാസാക്കുന്നത്. സ്പീക്കർ ഓം ബിർള ബിൽ പാസായതായി പ്രഖ്യാപിച്ചു. രണ്ടിനെതിരെ 454 വോട്ടുകൾ നേടിയാണ് ബിൽ പാസായത്.















