എറാണാകുളം: മഞ്ഞ കടലിരമ്പി കലൂർ സ്റ്റേഡിയം. പതിനായിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്‌ത്തി ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പത്താം സീസണിൽ പ്രതികാരം തീർത്ത് കൊമ്പന്മാർ. മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് ആദ്യ മത്സരത്തിൽ ബെംഗളുരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊമ്പന്മാർ പരാജയപ്പെടുത്തിയത്.
ബെംഗളൂരു താരം കെസിയ വീൻഡോർപ് (സെൽഫ് ഗോൾ 52ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69ാം മിനിറ്റ്) എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ബെംഗളുരുവിനായി 90ാം മിനിറ്റിൽ കുർട്ടിസ് മെയ്‌നാണു ലക്ഷ്യം കണ്ടത്. ഗോൾരഹിതമായി ആദ്യപകുതിയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ഛേത്രിയുടെ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരം പൂർത്തിയാക്കാതെ കളം വിട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയാണിത്.