കൊല്ലം: മദ്യക്കുപ്പിയിൽ കോള നിറച്ച് പറ്റിച്ചയാളെ പിടികൂടി നാട്ടുകാർ. ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. ബാറിലും ബിവറേജസിലും മദ്യം വാങ്ങാനെത്തുന്നവരെയാണ് സതീഷ് കബളിപ്പിച്ചത്.
മദ്യം വാങ്ങാൻ എത്തുന്നവരോട് തന്റെ കയ്യിൽ മദ്യം ഉണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയിൽ കോള നിറച്ച് വിൽക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജിൽ വലിയ ക്യൂ ഉള്ളപ്പോഴാണ് ഇയാൾ മദ്യമാണെന്ന പേരിൽ കോളവിൽപ്പന നടത്തിയത്. പിന്നീട് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേർന്നാണ് പിടികൂടിയത്.
മദ്യം വാങ്ങിയവർ കഴിക്കാനായി എടുത്ത് രുചിച്ചു നോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.തുടർന്ന് നിരവധി പരാതികൾ ബിവറേജസിന്റെ മാനേജർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് തട്ടിപ്പ് അറിഞ്ഞത്. സമാന രീതിയിൽ വീണ്ടും മദ്യക്കുപ്പിയിൽ കോള നിറച്ച് കബളിപ്പിക്കുന്നതിനിടെയിലാണ് പിടിയിലായത്. പ്രതിയെ ഓച്ചിറ പോലീസിന് കൈമാറി.