പാലക്കാട്: വനവാസി യുവാക്കളുടെ പണം അപഹരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്തു. നെല്ലിയാമ്പതി റേഞ്ചിലെ പോത്തുണ്ടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ കെ. പ്രേംനാഥിനെയാണ് പാലക്കാട്, നെന്മാറ ഡിഎഫ്ഒ സസ്പെൻഡ് ചെയ്തത്. വനവാസികളായ വാച്ചർമാരുടെ എടിഎം ഉപയോഗിച്ച് ഇയാൾ പണം പിൻവലിക്കുകയായിരുന്നു.
പോത്തുണ്ടി സെക്ഷനിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വാച്ചർമാരായ ചെറുനെല്ലി കോളനിയിലെ രമേഷ്, കൽച്ചാടി കോളനിയിലെ കുമാരൻ എന്നിവരുടെ എടിഎം കാർഡിലെ 1500 രൂപ വീതമാണ് നഷ്ടപ്പെട്ടത്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ അറിയാത്തതിനാൽ വർഷങ്ങളായി പോത്തുണ്ടിയിലെ സെക്ഷൻ ഓഫീസിലാണ് ഇരുവരും എടിഎം കാർഡ് സൂക്ഷിച്ചു വെയ്‌ക്കുന്നത്. ശമ്പളം കിട്ടിയാൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം പിൻവലിക്കുകയാണ് ഇരുവരും സാധാരണ ചെയ്യാറുള്ളത്. പിൻ നമ്പർ രഹസ്യമായി സൂക്ഷിക്കുന്നതിന് പകരം എടിഎം കാർഡിനൊപ്പം തന്നെയാണ് ഇവർ നമ്പറും സൂക്ഷിച്ചിരുന്നത്.
ഇത് അറിയാവുന്ന രണ്ടുമാസമായി സ്ഥലം മാറിവന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രേംനാഥാണ് പണം അപഹരിച്ചത്. സെപ്റ്റംബർ ആറിന് രണ്ട് കാർഡുകളും ഉപയോഗിച്ച് 1500 രൂപ വീതം ഇരുവരുടെയും അക്കൗണ്ടിൽ നിന്ന് രഹസ്യമായി പിൻവലിച്ച് കാർഡ് സെക്ഷൻ ഓഫീസിൽ യഥാസ്ഥാനത്ത് തിരികെ വെക്കുകയായിരുന്നു. പിന്നീട് രമേഷും കുമാരനും പണമെടുക്കാൻ എടിഎമ്മിൽ പോയപ്പോഴാണ് തുക നഷ്ടപെട്ട കാര്യം അറിയുന്നത്.
തുടർന്ന് സെക്ഷൻ ഓഫീസിൽ വിവരം ഓഫീസിൽ വിവരം പറഞ്ഞപ്പോഴാണ് പോലീസിലും ബാങ്കിലും പരാതിപ്പെടേണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞത്. തുടർന്ന്, തുക നഷ്ടപ്പെട്ടതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതും പോയ തുക തരാമെന്ന് പ്രേംനാഥ് വാഗ്ദാനം ചെയ്തതായും വാച്ചർമാർ പറഞ്ഞു. പോലീസിൽ പരാതിപ്പെട്ടാൽ എടിഎമ്മിലെ ക്യാമറയിലൂടെ ആളെ തിരിച്ചറിയാൻ കഴിയുമെന്നതിനാൽ ചില ജീവനക്കാർ നിരുത്സാഹപ്പെടുത്തി എന്നും ആയതിനാൽ എസ് ടി പ്രമോട്ടറോടും പറഞ്ഞില്ലെന്നും വാച്ചർമാർ പറഞ്ഞു.
വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെ സസ്പെൻഷനിലായ ബിഎഫ്ഒ ഇരു വാച്ചർമാർക്കും മദ്യം നൽകി പരാതി പിൻവലിച്ച് എഴുതി നൽകാൻ സമ്മർദ്ദം ചെലുത്തിയതായും ആക്ഷേപമുണ്ട്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇരുവരും നെല്ലിയാമ്പതി റേഞ്ച് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തുക പിൻവലിച്ചത് പ്രംനാഥാണെന്ന് കണ്ടെത്തിയത്.
റേഞ്ച് ഓഫീസർ ഡിഎഫ്.ഒയ്‌ക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രേംനാഥിനെ സസ്പെൻഡ് ചെയ്തത്. വനവാസി വിഭാഗത്തിൽ പെട്ടവർക്ക് സംരക്ഷകരാകേണ്ട വനം ജീവനക്കാർ തന്നെ ചൂഷകരായി മാറിയത് വനം വകുപ്പിന് ദുഷ്പേരുണ്ടാക്കിയതായി വനവാസി സംഘടനകൾ പറഞ്ഞു.