തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പൽ എത്താൻ വൈകും. കടൽ പ്രക്ഷുബ്ധമായതാണ് കപ്പൽ എത്തുന്നത് വൈകാൻ കാരണം. അടുത്തമാസം നാലാം തീയതി വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്നായിരുന്നു തുറമുഖ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ നാലാം തീയതി കപ്പൽ തീരത്തേക്ക് അടുക്കില്ല എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കാലാവസ്ഥ മോശമായതിനാലും കടൽ പ്രക്ഷുബ്ധമായതിനാലും കപ്പൽ എത്താൻ വൈകുമെന്നാണ് അധികൃതർ പറയുന്നത്.
ഓഖിയ്ക്ക് ശേഷം കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം തുറമുഖ നിർമ്മാണത്തിന് വലിയൊരു പ്രതിസന്ധിയായിരുന്നു. കപ്പൽ എത്തിക്കാനുള്ള ഒന്നാമത്തെ ചാനലിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും കാലാവസ്ഥാ കാര്യമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ രണ്ട് മാസത്തേക്കാണ് ഡ്രഡ്ജിംഗ് നിർത്തിവെച്ചത്. ഇതൊക്കെയാണ് കപ്പൽ എത്തിക്കാൻ വൈകാൻ കാരണമെന്നാണ് തുറമുഖ വകുപ്പ് പറയുന്നത്.
വിഴിഞ്ഞം തീരത്തെ വിവിധ ഭാഗങ്ങളിൽ നിന്നും മണൽ നീക്കം ചെയ്യുന്നതിനായി കൂറ്റൻ ക്രെയിനുകളുമായിട്ടാണ് കപ്പൽ എത്തുന്നത്. ശക്തമായ മഴയും ന്യൂനമർദ്ദ സാധ്യതയും ചുഴലിക്കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. ഈ കാരണത്താലാണ് വിഴിഞ്ഞത്ത് കപ്പൽ നാലാം തീയതി എത്തിക്കാൻ കഴിയില്ല എന്നാണ് തുറമുഖ വകുപ്പിന്റെ വിലയിരുത്തൽ.