വനിത സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയെയും സർക്കാരിനെയും പ്രശംസിച്ച് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. ഈ ചരിത്ര നടപടി ഭരണഘടനാപരമായി പാർലമെന്റിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ലിംഗസമത്വത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സ്ത്രീ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർവ മേഖലയിലും സ്ത്രീ പങ്കാളിത്തം സാധ്യമാക്കുന്ന അന്തരീക്ഷമാണ് ആവശ്യം. സ്ത്രീ ശാക്തീകരണം സമൂഹത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമാകും. ഇന്ത്യയുടെ നീക്കം ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്നതിനായി യുഎൻ കൺവെൻഷൻ പ്രയത്‌നിക്കുന്നു. ഭാരതത്തിന്റെ പ്രതിബദ്ധതയാണ് ബില്ലിലൂടെ പ്രകടമാകുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് നാരീ ശക്തി വന്ദൻ അധിനിയമെന്നും ടർക്ക് കൂട്ടിച്ചേർത്തു. ഇരുസഭകളിലും ബിൽ പാസാക്കിയതിന് പിന്നാലെയായിരുന്നു യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ പരാമർശം.
ഇന്ത്യൻ ചരിത്രത്തിലെ നിർണായക ദിനത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ യാഥാർത്ഥ്യമായി. ലോക്‌സഭയിൽ രണ്ടിനെതിരെ 454 വോട്ടിനാണ് ബിൽ പാസായത്. രാജ്യസഭയിൽ 214 വോട്ടിന് ഏകകണ്ഠമായും പാസാക്കി. മൂന്നിലൊന്ന്, അതായത് 33 ശതമാനം സീറ്റ് സ്ത്രീകൾക്ക് മാറ്റിവെക്കാൻ നിർദ്ദേശിക്കുന്നതാണ് ബിൽ.