കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയതായി പരാതി. കോട്ടയം തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറി കൃഷ്ണേന്ദുവിനെതിരെയാണ് പരാതി. കൃഷ്ണേന്ദുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നിന്ന് 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി സ്ഥാപന ഉടമ നൽകിയ പരാതിയിൽ പറയന്നു.
സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഗോൾഡ് ഓഫീസറായ കൃഷ്ണേന്ദുവും ഗോൾഡ് ലോൺ ഓഫീസറായ ദേവീ പ്രിജിത്തും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് ഉടമയുടെ പരാതി. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ്. സ്ഥാപനത്തിലെ സിസിടിവി ക്യാമറ കേടുവരുത്തിയായിരുന്നു തട്ടിപ്പ്. 28 ലക്ഷത്തിലധികം രൂപ കൃഷ്ണേന്ദു സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലേക്കും മാറ്റിയതായി കണ്ടെത്തി.
തട്ടിപ്പ് വാർത്തകൾ പുറത്ത് വന്നതോടെ സ്ഥിരം വിശദീകരണം തന്നെയാണ് പാർട്ടി നേതൃത്വം നൽകുന്നത്. കൃഷ്ണേന്ദുവിനെ മാസങ്ങൾക്കു മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. കൃഷ്ണേന്ദുവിന്റെയും ഭർത്താവ് സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും അനധികൃത ഇടപാടുകൾ കണ്ടെത്തിയിരുന്നുവെന്നും മാസങ്ങൾക്ക് മുൻപ് പുറത്താക്കിയെന്നുമാണ് പാർട്ടി പറയുന്നത്.
എന്നാൽ കഴിഞ്ഞ മാസം ഡിവൈഎഫ്ഐ മേഖല ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തെത്തിയതായി കൃഷ്ണേന്ദു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റും പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. കൃഷ്ണേന്ദുവിനെയും ഭർത്താവിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തലയോലപ്പറമ്പ് കമ്മിറ്റി അയച്ച കത്ത് സിപിഎം ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ സംഭവവികാസം.