ചരിത്രത്തിന്റെ താളുകളിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്‌ക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യക്ക് സ്വന്തമായത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരം വിജയിച്ചതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
മൊഹാലിയിൽ ഇന്നലെ 5 വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തത്. ഇതോടെ 116 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി്. 115 പോയിന്റുമായി പാകിസ്താൻ രണ്ടാം സ്ഥാനത്തും, 111 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ ഏകദിനം, ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ.
ഓസ്ട്രേലിയക്കും ന്യൂസിലാൻഡിനുമൊപ്പം ഐസിസിയുടെ എല്ലാ ഫൈനലുകളും കളിക്കുന്ന ടീമായി ഇന്ത്യ മാറി. സെപ്റ്റംബർ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് സന്നാഹമത്സരത്തിന് മുന്നോടിയായി ഓസ്ട്രേലിയയുമായുള്ള രണ്ട് മത്സരങ്ങളിലൂടെയും ഇന്ത്യക്ക് റാങ്കിംഗിൽ മുന്നേറാം. സെപ്റ്റംബർ 24, 27 നും ഇരുടീമുകളും ഒരിക്കൽ കൂടി ഏറ്റുമുട്ടും.
ജൂണിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിച്ചിരുന്നു. ഫൈനലിൽ തോറ്റെങ്കിലും ടെസ്റ്റ് പരമ്പരയിലെ തുടർവിജയങ്ങൾ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ട്വന്റി 20യിലും ഇന്ത്യയുടെ പ്രകടനം മികച്ചതാണ്. 2022 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ എത്തിയിരുന്നു. ഈ മൂന്ന് മികച്ച പ്രകടനങ്ങളാണ് ഇന്ത്യയ്‌ക്ക് മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനം സമ്മാനിച്ചത്.















