പിണറായി വിജയനെ വാനോളം പുകഴ്‌ത്തി നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നുകൊണ്ട് കേൾക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തിയതിനൊപ്പം വിമർശനങ്ങളും നേരിട്ടിരുന്നു. പാർട്ടിക്കും വ്യക്തിക്കും അടിമയായി നടൻ മാറി എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ, മുഖ്യമന്ത്രിയെ എവിടെ കണ്ടാലും എഴുന്നേറ്റ് നിൽക്കുമെന്നായിരുന്നു ഭീമൻ രഘുവിന്റെ മറുപടി. വിമർശനം കടുത്തതോടെ തന്റെ വിധേയത്വം വ്യക്തമാക്കുന്ന തരത്തിൽ പിണറായി സ്തുതികളുമായി നടൻ പല ചാനലുകൾക്കു മുന്നിലും പ്രത്യക്ഷപ്പെട്ടു.
വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നാണ് ഭീമൻ രഘുവിന്റെ പ്രശംസ. ‘പല രീതിയും പല ഭാവത്തിലും പല രൂപത്തിലും ഭരിക്കാൻ കഴിയുന്ന ആളാണ് പിണറായി വിജയൻ. ഒരു കാഴ്ചപ്പാടുള്ള കേരളത്തിലെ അഴിമതിയില്ലാത്ത നേതാവാണ് പിണറായി വിജയൻ. ആദ്യത്തെ അഞ്ച് വർഷം കഴിഞ്ഞു. ജനങ്ങൾ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാമതും പിണറായി സർക്കാർ തന്നെ കേരളത്തിൽ വരും’.
‘എല്ലാം നല്ല കാര്യങ്ങളാണ് പിണറായി സർക്കാർ ചെയ്യുന്നത്. പിണറായി വിജയന്റെ ശൈലി എനിക്കും വന്നുപോകും. നേരെ വാ നേരോ പോ, അതാണ് മുഖ്യമന്ത്രിയുടെ ശൈലി. ഇത്രയും തന്റേടവും കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളാണ് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കൂട്ടത്തിലും അദ്ദേഹത്തിന്റെ പാർട്ടിയിലും ഒരു ഭാഗമാകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമാണ്’- ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു.















