ന്യൂഡൽഹി: ജമ്മു കശ്മീർ, ലഡാക്ക് വിഷയങ്ങൾ തികച്ചും ആഭ്യന്തര കാര്യമാണെന്നും അതിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ലെന്നും ആവർത്തിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ലിയിൽ പാക് കാവൽ പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കർ കശ്മീർ വിഷയം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യയുടെ മറുപടി.
ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ പ്രചരണങ്ങൾ നടത്തുന്നതിന് യുഎൻ ഓഗസ്റ്റ് ഫോറം ദുരുപയോഗം ചെയ്തതിലൂടെ പാകിസ്താൻ സ്ഥിരം കുറ്റവാളിയായി മാറിയെന്ന് ജനറൽ അസംബ്ലിയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്ലോട്ട് പറഞ്ഞു. പാകിസ്താനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണിത്. ദക്ഷിണേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ പാകിസ്താൻ ഉടൻ തന്നെ ‘ഭീകരതയ്‌ക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ’ നിർത്തലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു..
‘ജമ്മു സർക്കാരിലെ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാമെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമാണ് പാകിസ്താൻ. അത്തരക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിലേക്ക് വിരൽ ചൂണ്ടാൻ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടും മുമ്പ് പാകിസ്താൻ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും പെറ്റൽ ഗഹ്ലോട്ട് പരിഹസിച്ചു.
ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്റെ വ്യക്തമായ ഉദാഹരണം നിരത്തിക്കൊണ്ടാണ് പാകിസ്താനെ ഇന്ത്യ യുഎന്നിൽ നേരിട്ടത്. ഓഗസ്റ്റിൽ ഫൈസലാബാദ് ജില്ലയിൽ നിരവധി പള്ളികളും ക്രിസ്ത്യൻ വീടുകളും നശിപ്പിച്ച സംഭവം ന്യൂനപക്ഷത്തിനെതിരായ അക്രമത്തിന്റെ വ്യക്തമായ ഉദാഹരണമാണെും പെറ്റൽ ഗഹ്ലോട്ട് കൂട്ടിച്ചേർത്തു. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള 1,000 സ്ത്രീകളെ ഓരോ വർഷവും തട്ടിക്കൊണ്ടു പോകുകയും നിർബന്ധിത മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്ന് പാക് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
അന്താരാഷ്‌ട്ര തലത്തിൽ നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെയും വ്യക്തികളുടെയും വിഹാര കേന്ദ്രമാണ് പാകിസ്താൻ. വിദ്വേഷ പരാമർശങ്ങൾക്ക് പകരം, 15 വർഷത്തിന് ശേഷമെങ്കിലും മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികൾക്കെതിരെ വിശ്വസനീയവും സ്ഥിരീകരിക്കാവുന്നതുമായ നടപടിയെടുക്കാൻ പാകിസ്താൻ തയ്യാറാവണമെന്നും ജനറൽ അസംബ്ലിയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്ലോട്ട് പറഞ്ഞു.