കൊല്ലം: നായക്കുട്ടികളെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണ്ണാവസരം. ആധാർ കാർഡിന്റെ പകർപ്പും പൂരിപ്പിച്ച സത്യവാങ്മൂലവുമായി കൊല്ലത്ത് ജില്ലാ പഞ്ചായത്തിലേക്ക് എത്തിയാൽ മതി. മിടുക്കരായ നല്ല നാടൻ നായക്കുട്ടികളെയും ഒപ്പം കൂട്ടി മടങ്ങാനാകും. കൊട്ടിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾ ഫോർ അനിമൽസ് എന്ന സന്നദ്ധ സംഘടനയും ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ചേർന്നാണ് നായക്കുട്ടികളെ ദത്തെടുക്കാനുള്ള അവസരം ഒരുക്കുന്നത്.
സെപ്റ്റംബർ 28-ന് രാവിലെ ജില്ലാ പഞ്ചായത്ത് അങ്കണത്തിലാണ് നായക്കുട്ടികൾക്കുള്ള ദത്തെടുക്കൽ നടക്കുക. പ്രതിരോധ കുത്തിവെയ്പുകൾ എടുത്ത മൂന്ന് മാസം പ്രായമുള്ള 33 നായക്കുട്ടികളെയാണ് ദത്തെടുക്കലിന് അവസരമുള്ളത്. താൽപ്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ് സഹിതം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നായക്കുട്ടികളെ ഉപേക്ഷിക്കില്ലെന്നും പരിപാലിക്കുമെന്നും കൃത്യമായി പ്രതിരോധ കുത്തിവെയ്പുകൾ എടുക്കുമെന്നും സത്യവാങ്മൂലം പൂരിപ്പിച്ച് നൽകുന്നവർക്കായിരിക്കും നായയെ ലഭിക്കുക. ഇവയ്ക്കൊപ്പം ചെറിയ പെറ്റ് ഫുഡ് പായ്ക്കറ്റും ടോണിക്കും അടങ്ങിയ കിറ്റും ലഭിക്കും.