ന്യൂയോർക്ക്: ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സ്വപ്‌ന ബഹിരാകാശ പര്യവേഷണങ്ങൾ ലക്ഷ്യം വെച്ച് ഇന്ത്യയും ആർട്ടെമിസ് രാജ്യങ്ങളും. ആർട്ടെമിസ് ഉടമ്പടിയുടെ ഭാഗമായി ഇന്ത്യ, ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്നാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയിൽ വെച്ചായിരുന്നു പ്രഖ്യാപനം നടന്നത്. ബഹിരാകാശ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതിനും പങ്കാളികളായ നാല് രാജ്യങ്ങളുടെ കഴിവ് വികസിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.
പുതിയ ദൗത്യം രാജ്യങ്ങൾ തമ്മിലുള്ള ബഹിരാകാശ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി സഹായകമാകുമെന്ന് അമേരിക്ക വ്യക്തമാക്കി. ആർട്ടെമിസ് കരാറുകൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ബഹിരാകാശ പര്യവേഷണത്തിന് അന്താരാഷ്‌ട്ര ബന്ധം വളർത്തിയെടുക്കാൻ സഹായിക്കും. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആർട്ടെമിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് ചന്ദ്രനിലേക്ക് ആദ്യമായി ഒരു വനിതയെ ഉൾപ്പെടെ അയക്കാനുള്ള പദ്ധതിയ്‌ക്ക് ലക്ഷ്യം വെയ്‌ക്കുന്നുണ്ട്.
ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യ ദൗത്യത്തിന് പ്രധാന പങ്കുവഹിക്കുകയാണ് നാസ. ചരിത്രത്തിലെ തന്നെ ഏറ്റവും വിശാലവും വൈവിദ്ധ്യവുമാർന്ന അന്തർദേശീയ മനുഷ്യ ബഹിരാകാശ പര്യവേഷണ പരിപാടി എന്നാണ് നാസ പദ്ധതിയെ വിശേഷിപ്പിച്ചത്. അടുത്ത വർഷം ഒരു വനിതയെ ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള ലക്ഷ്യത്തിലാണ് നാസ.