വിഖ്യാത സംവിധായകൻ കെ.ജി ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ രാവിലെ 10.15നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിൽ നിരവധി ക്ലാസിക് ഹിറ്റുകൾ സമ്മാനിച്ച കലാകാരനായിരുന്നു അദ്ദേഹം. മോളിവുഡിലെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ യവനിക സമ്മാനിച്ചതും കെ.ജി ജോർജ് ആയിരുന്നു.
1946 മെയ് 24ന് തിരുവല്ലയിലായിരുന്നു ജനനം. നെല്ലിന്റെ തിരക്കഥാകൃത്തായാണ് അദ്ദേഹം സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്തത് സ്വപ്നാടനം എന്ന സിനിമയായിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ഇതുനേടി. 1982ൽ ആദ്യ സംസ്ഥാന പുരസ്കാരം യവനികയ്ക്ക് ലഭിച്ചു. ആദാമിന്റെ വാരിയെല്ല്, ഇരകൾ, എന്നീ സിനിമകളും സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. ഇലവങ്കോട് ദേശമായിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. നാൽപത് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ 19 സിനിമകളാണ് അദ്ദേഹം തയ്യാറാക്കിയത്. മണ്ണ്, ഉൾക്കടൽ, മേള, ആദാമിന്റെ വാരിയെല്ല്, ഇരകൾ, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, പഞ്ചവടി പാലം, കോലങ്ങൾ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.