ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തി. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കള്ളക്കടത്ത്, പാക് ചാരസംഘടനയായ ഐഎസഐ എന്നിവ മുഖേനെ സ്വരൂപിച്ച പണം ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമല്ല നിക്ഷേപമായും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ, ആഡംബരനൗകകൾ, തായ്ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഖലിസ്ഥാൻ ഭീകരർ പണം നിക്ഷേപിച്ചത്.
ഭാരതത്തിൽ നിന്നും കള്ളക്കടത്ത്, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ വഴി സമ്പാദിക്കുന്ന പണം, ഭാരതത്തിലും കാനഡയിലും അക്രമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയ് അഞ്ച് ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ ഹവാല മാർഗത്തിൽ കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. കൂടാതെ 2019 മുതൽ 2021 വരെ 13 തവണ കാനഡയിലേക്കും തായ്‌ലൻഡിലേക്കും ഇയാൾ ഹവാല വഴി പണം അയച്ചിട്ടുണ്ട്.
ബിഷ്ണോയി ബബ്ബർ ഖൽസ ഇന്റർനാഷനൽ നേതാവ് ലഖ്ബീർ സിങ് ലാൻഡയുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്ന് എൻഐഎ റിപ്പോർട്ട് അടിവരയിടുന്നു. ഗോൾഡി ബ്രാർ മുഖേനയാണ് കാനഡയിലെ ഭീകരരുമായി ബിഷ്ണോയി ബന്ധം സ്ഥാപിച്ചത്. 14 ഖലിസ്ഥാൻ ഭീകരർക്കും അവരുമായി ബന്ധം പുലർത്തിയ ഗുണ്ടാനേതാക്കൾക്കുമെതിരെ മാർച്ച് മാസത്തിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.